
□ഉപതിരഞ്ഞെടുപ്പിൽ നില മെച്ചപ്പെട്ടെന്ന് എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ നീല ട്രോളി വിവാദത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായ പരാമർശം നടത്തിയ സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസിനെ പരസ്യമായി താക്കീതു ചെയ്യാൻ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കൃഷ്ണദാസിന്റെ നിലപാട് പാർട്ടിയിൽ ഭിന്നതയുണ്ടെന്ന പ്രതീതി ഉണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രവർത്തനം യോജിപ്പോടെ കൊണ്ടുപോകേണ്ടതാണ്. ഇതിൽ നിന്നു വ്യത്യസ്തമായ നിലപാട് കൃഷ്ണദാസിന്റെ ഭാഗത്തു നിന്നുണ്ടായി. തെറ്റു തിരുത്തി മുന്നോട്ടു പോകാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഉപതിരഞ്ഞെടുപ്പു ഘട്ടത്തിൽ പാർട്ടിയെ ദുർബലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണു മാദ്ധ്യമങ്ങളുടെ സഹായത്തോടെ യു.ഡി.എഫും ബി.ജെ.പിയും നടത്തിയത്. എന്നാൽ അതെല്ലാം അതിജീവിച്ച് സിറ്റിംഗ് സീറ്റ് നിലനിറുത്താനും പാലക്കാട്ട് വോട്ട് വർദ്ധിപ്പിക്കാനുമായി.
ഐ.സി.ബാലകൃഷ്ണൻ
രാജിവയ്ക്കണം
വയനാട് ഡി.സി.സി ട്രഷററും മകനും ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തിനു പിന്നിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയ്ക്കു പങ്കുണ്ടെന്ന കത്ത് പുറത്തുവന്ന സാഹചര്യത്തിൽ അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവയ്ക്കണം. ഇക്കാര്യത്തിൽ യു.ഡി.എഫ് നിലപാട് വ്യക്തമാക്കണം. ഐ.സി.ബാലകൃഷ്ണന്റെ നിർദ്ദേശപ്രകാരമാണ് പണം പങ്കിട്ടതെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്. നേതാക്കൾ തട്ടിയെടുത്ത പണത്തിന്റെ ബാദ്ധ്യത തീർക്കാനാവാതെയാണ് ഡി.സി.സി ട്രഷററും മകനും ആത്മഹത്യ ചെയ്തത്.
ആർക്കും അമിതാധികാരം നൽകുന്ന ഒരു വ്യവസ്ഥയും നിർദിഷ്ട വനം നിയമത്തിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ജനവിരുദ്ധമായ വ്യവസ്ഥകളുണ്ടെങ്കിൽ ചർച്ചചെയ്ത് മാറ്റം വരുത്തിയ ശേഷമേ നിയമം നടപ്പാക്കൂ.
പി.വി.അൻവറിനെ പുറത്താക്കുമ്പോൾത്തന്നെ അയാൾ യു.ഡി.എഫിലേക്കാണെന്ന് അറിയാമായിരുന്നു. അൻവർ എവിടെ പോയാലും തങ്ങൾക്ക് ഒരു ഉത്കണ്ഠയുമില്ലെന്നും
ഗോവിന്ദൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |