
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരെ പോരാടാൻ യു.ഡി.എഫിനൊപ്പം ചേരുമെന്ന് പി.വി. അൻവർ എം.എൽ.എ. ഒതായിയിലെ വസതിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ. യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തന്നെ മുന്നണിയിൽ എടുക്കണോയെന്ന് യു.ഡി.എഫാണ് തീരുമാനിക്കേണ്ടത്. അതേസമയം,സി.പി.എം വിടാൻ ആഗ്രഹിക്കുന്ന പലർക്കും ആശങ്കയാണ്. താൻ എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കുന്നവരുണ്ട്. താൻ പോവുന്ന തോണിയിൽ ആളുകൾ കയറണമെങ്കിൽ,യു.ഡി.എഫ് നേതൃത്വം സംരക്ഷണ കവചമൊരുക്കണം. ജനങ്ങളെ ബാധിക്കുന്ന വനനിയമ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങൾ യു.ഡി.എഫ് ഏറ്റെടുക്കണം. യു.ഡി.എഫ് അധികാരത്തിൽ വരണം. താൻ യു.ഡി.എഫിന് പിന്നിലുണ്ടാകും. എം.എൽ.എ സ്ഥാനവും മറ്റു പദവികളും തരേണ്ടെന്നും അൻവർ പറഞ്ഞു.
പ്രവേശന ചർച്ചയ്ക്കിടെ
പാണക്കാട്ടെത്തി
യു.ഡി.എഫ് പ്രവേശന ചർച്ചകൾക്കിടെ പി.വി. അൻവർ പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ പാണക്കാട്ടെത്തിയ അൻവർ കാൽമണിക്കൂറോളം സാദിഖലി തങ്ങളുമായി ചർച്ച നടത്തി. അൻവറിന്റേത് സൗഹൃദ സന്ദർശനമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. മറ്റൊരു ചർച്ചയും ഉണ്ടായിട്ടില്ല. അൻവറിന്റെ യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച വിഷയം മുന്നണി വിശദമായി ചർച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം,യു.ഡി.എഫ് പ്രവേശനം ചർച്ച ചെയ്യാനല്ല,മലയോരജനതയുടെ കഷ്ടപ്പാട് ചർച്ച ചെയ്യാനാണ് പാണക്കാട് എത്തിയതെന്ന് അൻവർ പറഞ്ഞു. പിണറായി സർക്കാരിനെ താഴെയിറക്കുകയാണ് ലക്ഷ്യം. അതിനെക്കുറിച്ചാണ് സാദിഖലി തങ്ങളുമായി ചർച്ച നടത്തിയത്. പ്രതിപക്ഷ നേതാവിനേയും യു.ഡി.എഫിലെ മറ്റ് നേതാക്കളേയും കാണുമെന്നും അൻവർ പറഞ്ഞു. അതിനിടെ പി.കെ.കുഞ്ഞാലിക്കുട്ടിയെ വസതിയിലെത്തി അൻവർ സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |