SignIn
Kerala Kaumudi Online
Thursday, 22 October 2026 6.45 PM IST

കേരള തലസ്ഥാനം പുസ്തക തലസ്ഥാനമാവണം: മുഖ്യമന്ത്രി

p

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനത്തിന് പുസ്തക തലസ്ഥാനമാകാനുള്ള സർവ യോഗ്യതയുമുണ്ടെന്നും ഇതിനായി യുനെസ്‌കോയ്ക്ക് സ്പീക്കർ കത്തയയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കോഴിക്കോട് ലോക സാഹിത്യനഗരി ആയതുപോലെ തിരുവനന്തപുരം യുനെസ്‌കോയുടെ വേൾഡ് ബുക്ക് ക്യാപിറ്റൽ സ്ഥാനത്തിന് അർഹമാകണം. യു.എൻ രൂപീകൃതമായ 1945ൽതന്നെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചവരാണ് നമ്മൾ. വേൾഡ് ബുക്ക് ക്യാപിറ്റൽ പദവി നേടിയെടുക്കുമെന്ന പ്രതിജ്ഞയോടെയാവണം ഈ അക്ഷരോത്സവത്തിന്റെ സമാരംഭം.

സാഹിത്യകാരൻ എം.മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ പുരസ്‌കാരം സമ്മാനിച്ചു. സാംസ്‌കാരിക മേഖലയിലെ അധിനിവേശങ്ങൾക്കും അരാജകചിന്തകൾക്കുമെതിരായ ചെറുത്തു നില്പാണ് നിയമസഭ പുസ്തകോത്സവമെന്ന് അദ്ധ്യക്ഷനായിരുന്ന സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.

പ്രശസ്ത സാഹിത്യകാരൻ ദേവ്ദത്ത് പട്നായിക് സ്മരണിക പ്രകാശനം ചെയ്തു. ഡോ.മൻമോഹൻ സിംഗിനും എം.ടി.വാസുദേവൻ നായർക്കും ചടങ്ങിൽ അനുശോചനം അർപ്പിച്ചു. കർണാടക സ്പീക്കർ യു.ടി.ഖാദർ ഫരീദ്, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മന്ത്രിമാരായ കെ.ബി.ഗണേശ് കുമാർ, ജി.ആർ.അനിൽ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, ജില്ലാ കളക്ടർ അനുകുമാരി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നിയമസഭ സെക്രട്ടറി ഡോ.എൻ.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

സർക്കാരിനൊപ്പം നിന്ന്

പ്രവർത്തിക്കും: എം.മുകുന്ദൻ

സർക്കാരുമായും പ്രതിപക്ഷവുമായും എഴുത്തുകാർ തോളോടുതോൾ ചേർന്നു പ്രവർത്തിക്കണമെന്ന് എം.മുകുന്ദൻ. വലിയൊരു കേരള സൃഷ്ടിക്കായി മുഖ്യമന്ത്രിക്കും സർക്കാരിനും ഒപ്പം നിന്ന് താൻ പ്രവർത്തിക്കും. നിയമസഭ പുരസ്കാരം ഏറ്റുവാങ്ങിയശേഷം മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. എഴുത്തുകാർ അധികാരത്തിൽ നിന്ന് മാറിനിൽക്കണമെന്നാണ് എപ്പോഴും പറയാറ്. കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷനായി തന്നെ നിയമിച്ചപ്പോൾ ചിലർ സംശയം പ്രകടിപ്പിച്ചു. അപ്പോൾ താൻ ചോദിച്ചു, അക്കാഡമി അദ്ധ്യക്ഷനായി വ്യാപാരിയോ ഫാക്ടറി ഉടമയോ ആണോ വരേണ്ടതെന്ന്. ജനങ്ങളുടെ നന്മയ്ക്കായി എഴുത്തുകാരും സർക്കാരും ഒന്നിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA