
പാലക്കാട്: തങ്ങളുടെ നിരപരാധിത്വം തെളിയിക്കുമെന്നും ആരോപണം ഉന്നയിക്കുന്ന സി.ബി.ഐ തെളിവുതരട്ടെയെന്നും വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ പറഞ്ഞു. യഥാർത്ഥ പ്രതികളെ പറയാൻ കഴിയാത്തത് കൊണ്ടാണ് സി.ബി.ഐ മാതാപിതാക്കളെ പ്രതി ചേർത്തത്. മക്കളുടെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടാൻ കഴിയുമെന്ന വിശ്വാസം നഷ്ടപ്പെട്ടു.
സി.ബി.ഐയെക്കാൾ കേരള പൊലീസാണ് നല്ലതെന്ന് ഇപ്പോൾ തോന്നുന്നു. മക്കളുടേത് കൊലപാതകമെന്ന കാര്യം ഒരിക്കൽ തെളിയും. കേസിൽ നിയമപരമായ പോരാട്ടം നടത്തുന്നതിനൊപ്പം നീതിക്കു വേണ്ടി സമരവും നടത്തും. കേസ് അട്ടിമറിക്കാൻ തന്നെയാണ് സി.ബി.ഐയുടെയും ലക്ഷ്യം. നേരത്തെ പൊലീസ് നടത്തിയ അന്വേഷണം തെറ്റായ രീതിയിലാണെന്നും കേസ് അട്ടിമറിക്കപ്പെട്ടുവെന്നും കോടതിക്കും സർക്കാരിനും ബോദ്ധ്യമായതിനാലാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
എന്നാൽ, അന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ലെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ സംഭവങ്ങൾ. കുഞ്ഞ് മരിക്കുന്നതിന് മുമ്പേ പീഡിക്കപ്പെട്ട കാര്യം മാതാപിതാക്കൾ അറിഞ്ഞിരുന്നുവെന്നാണ് പറയുന്നത്. അങ്ങനെ അറിഞ്ഞിരുന്നെങ്കിൽ ഇന്ന് താൻ ഇങ്ങനെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ നിൽക്കുമായിരുന്നില്ല. ആദ്യത്തെ മകൾ പീഡനത്തിനിരയായത് അറിയാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല. രണ്ടാമത്തെ മകളും മരിച്ചശേഷമാണ് അത് ലഭിക്കുന്നത്. അപ്പോഴാണ് രണ്ടുപേരും പീഡിപ്പിക്കപ്പെട്ടുവെന്ന് അറിഞ്ഞത്.
കേസ് അട്ടിമറിക്കാതിരിക്കാനാണ് അഡ്വ. രാജേഷ് മേനോനെ നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ, ഇപ്പോഴും അനുവദിച്ചിട്ടില്ല. ഉന്നതരായ വക്കീലന്മാരെ സർക്കാർ തന്നാലും ഞങ്ങൾക്ക് തൃപ്തി രാജേഷ് മേനോൻ ആണ്. നീതി കിട്ടുന്നുവരെ പോരാട്ടം തുടരും.
പ്രതികളെ സംരക്ഷിക്കാൻ നീക്കം: സമരസമിതി
പാലക്കാട്: സി.ബി.ഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്നതിനും നീതിക്കു വേണ്ടി സമരം ചെയ്യുന്ന മാതാപിതാക്കളെ പീഡിപ്പിക്കുന്നതിനുമാണെന്ന് വാളയാർ സമരസമിതി. സി.ബി.ഐ ആദ്യം സമർപ്പിച്ച കുറ്റപത്രം പാലക്കാട് പോക്സോ കോടതി തള്ളിയതിനെ തുടർന്ന് നിയോഗിക്കപ്പെട്ട സി.ബി.ഐയുടെ രണ്ടാം അന്വേഷണ സംഘവും കേസിൽ കൊലപാതകത്തിന്റെ സാദ്ധ്യത തേടിയിട്ടില്ല. പോസ്റ്റ്മാർട്ടം റിപ്പോർട്ടും കുട്ടിയുടെ ഉയരവും സെലോഫിൻ പരിശോധനാവിവരങ്ങളും ആദ്യത്തെ കുട്ടി കൊല്ലപ്പെട്ടപ്പോൾ രണ്ടാമത്തെ കുട്ടി നൽകിയ മൊഴികളും ആത്മഹത്യ ചെയ്ത പ്രതിയുടെ ഫോൺ വിവരങ്ങളും അവർ പരിഗണിച്ചതേയില്ല. ഇരകൾക്കു സ്വീകാര്യനായ ഒരു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം തള്ളി കുടുംബത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരു വക്കീലിനെ നിയമിച്ചതിലും ദുരൂഹതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |