
കാസർകോട്: സാമ്പത്തിക പ്രതിസന്ധിയിൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ കാസർകോട്ടെ കെ.ഇ.എൽ-ഇ.എം.എൽ കമ്പനിക്ക് സംസ്ഥാന സർക്കാർ 1.05 കോടി അനുവദിച്ചു. ഫണ്ടും ഓർഡറുമില്ലാതെ ക്ലച്ച് പിടിക്കാതെ പോകുന്ന കമ്പനിയുടെ പ്രതിസന്ധി കേരളകൗമുദി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ ഇടപെടൽ.
കാസർകോട് കമ്പനിക്ക് ഫണ്ട് അനുവദിച്ചതിന് ഒപ്പം കേരള സ്റ്റേറ്റ് ടെക്സ്റ്റയിൽ കോർപ്പറേഷൻ ലിമിറ്റഡ് 3.80കോടി,ഓട്ടോകാസ്റ്റ് ലിമിറ്റഡ് 3.25കോടി,കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് 3കോടി,ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ് 2.40കോടി,കേരള ഇലക്ട്രിക്കൽ ആൻഡ് അലൈൻമെന്റ് ലിമിറ്റഡ് കമ്പനി 2.30കോടി,കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ് 1.95കോടി,കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് 1.75കോടി,ട്രാവൻകൂർ സിമന്റ്‌സ് ലിമിറ്റഡ് 2.25കോടി തുടങ്ങിയ 15 കമ്പനികൾക്ക് സർക്കാർ 28 കോടി അനുവദിച്ചിട്ടുണ്ട്. സ്‌പെഷ്യൽ വർക്കിംഗ് ഗ്രൂപ്പ് യോഗമാണ് ഫണ്ട് അനുവദിക്കുന്നതിന് ശുപാർശ ചെയ്തതെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന്റെ ഉത്തരവിൽ പറയുന്നു.
ഒന്നിനും തികയില്ല
സർക്കാർ അനുവദിച്ച 1.05കോടി കാസർകോട് കമ്പനിയുടെ പ്രവർത്തനത്തിന് ഒന്നിനും തികയില്ല. ജീവനക്കാരുടെ ഗ്രാറ്റിവിറ്റിയും പി.എഫും അടക്കം നല്കാൻ പലിശ കൂടാതെ തന്നെ ഏഴ് കോടി വേണം. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ മൂന്നര കോടി രൂപ ആവശ്യമാണ്. 13.3 കോടിയുടെ കടത്തിലാണ് നിലവിൽ ഈ പൊതുമേഖലാ സ്ഥാപനം പ്രവർത്തിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |