
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി ഉണ്ടായിരുന്നെന്ന പരാതി വ്യാജമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. അന്വേഷണമാവശ്യപ്പെട്ട് വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന ഡി.ജി.പിക്ക് പരാതി നൽകി. മൊട്ടുസൂചി പരിശോധിച്ചതിൽ അത് ഗുളികയ്ക്കുള്ളിൽ ഇരുന്ന ലക്ഷണമില്ല. ഗുളിക കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീക്ക് എക്‌സ്റേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇതേ ബാച്ചിലെ മറ്റ് ഗുളികകൾക്കും പ്രശ്നമില്ലെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് പൊലീസിന് പരാതി നൽകിയത്. പൊലീസ് ആസ്ഥാനത്ത് നിന്ന് പരാതി വിതുര പൊലീസിന് കൈമാറി അന്വേഷണം നടത്തും. പരാതിക്കാരിയുടെ ഉൾപ്പെടെ മൊഴിയെടുക്കും.
വിതുര മേമല ഉരുളുകുന്ന് സ്വദേശി വസന്തയാണ് ഗുളികയിൽ മൊട്ടുസൂചി ലഭിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവർ ശ്വാസം മുട്ടലിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടറുടെ കുറിപ്പടി പ്രകാരം ആശുപത്രി ഫാർമസിയിൽ നിന്നും വാങ്ങിയ 'സി മോക്സ്' ഗുളികയ്ക്കുള്ളിൽ മൊട്ടുസൂചി കണ്ടെത്തി എന്നായിരുന്നു പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |