
തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ആരോപിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ ചട്ടം 285 അനുസരിച്ച് എഴുതി നൽകിയാണ് ആരോപണം ഉന്നയിച്ചത്.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഉൾപ്പെട്ട ഒയാസിസ് കമ്പനിക്കാണ് അനുവാദം നൽകിയത്. പഞ്ചാബിലും നിരവധി ആരോപണങ്ങൾ കമ്പനി നേരിടുന്നുണ്ട്. അങ്ങനെയൊരു കമ്പനിക്ക് നടപടിക്രമങ്ങൾ പാലിക്കാതെ അനുമതി നൽകിയതിന് പിന്നിൽ വഴിവിട്ട താത്പര്യങ്ങളുണ്ട്.
സ്വകാര്യബ്രൂവറിക്ക് അനുമതി നൽകേണ്ടെന്ന 1999ലെ മദ്യനയത്തിൽ മാറ്റങ്ങൾ വരുത്തിയതും മന്ത്രിസഭയിൽ അനുമതി നൽകി സാങ്കേതികാർത്ഥത്തിൽ ഭരണപരമായ സുരക്ഷ മുൻകൂട്ടി ഒരുക്കിവച്ചുമാണ് ടെൻഡർപോലും വിളിക്കാതെ ഒരു കമ്പനിക്ക് മാത്രമായി അനുമതി നൽകിയത്.
രൂക്ഷമായ ജലക്ഷാമം നേരിടുന്ന പാലക്കാട്ടും എലപ്പുള്ളിയിൽ പ്രത്യേകിച്ചും പ്രവർത്തിക്കാൻ കൂടുതൽ ജലം ആവശ്യമുള്ള കമ്പനിക്ക് അനുമതി നൽകുന്നിതിന് മുമ്പ് തദ്ദേശസ്ഥാപനത്തെ അറിയിച്ചില്ല. സാമൂഹ്യ,പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ല. ജനന്മയെകരുതി തീരുമാനം പിൻവലിക്കണം. സംസ്ഥാനത്തെ 89 സ്ഥലങ്ങൾ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി പ്രഖ്യാപിച്ചത് ഇവിടങ്ങളിൽ വൈൻ, ബിയർ പാർലറുകൾ അനുവദിക്കുന്നതിനു വേണ്ടിയാണെന്നും ആരോപിച്ചു.
ബ്രൂവറി: വെള്ളം പങ്കിടുന്നതിൽ
തെറ്റില്ലെന്ന് മന്ത്രി റോഷി
തിരുവനന്തപുരം: സ്വകാര്യ മദ്യ പ്ലാന്റിന് വെള്ളം കൊടുക്കുന്നതിനെ അനുകൂലിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. കിൻഫ്രയ്ക്ക് നൽകിയ വെള്ളം പങ്കിടുന്നതിൽ തെറ്റില്ലെന്ന് മന്ത്രി പറഞ്ഞു. വാട്ടർ അതോറിട്ടിക്ക് ഇതിൽ നേരിട്ടൊരു ഇടപാടുമില്ല. ഒരു വ്യവസായ സംരംഭം വരുമ്പോൾ അതിനോട് നെഗറ്റീവായി ഇടപെടേണ്ട കാര്യമില്ല. മദ്യ നിർമ്മാണ കമ്പനി തെറ്റിദ്ധരിപ്പിച്ചാണ് വെള്ളത്തിന് അനുമതി വാങ്ങിയതെന്ന സൂപ്രണ്ടിംഗ് എൻജിനിയറുടെ പ്രസ്താവനയെ കുറിച്ച് അറയില്ല. അദ്ദേഹത്തിന് മനസിലായ കാര്യമാണ് അദ്ദേഹം പറഞ്ഞത്. തനിക്ക് മനസിലായ കാര്യമാണ് താൻ പറയുന്നതെന്നും റോഷി അഗസ്റ്റിൻ തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |