SignIn
Kerala Kaumudi Online
Thursday, 22 October 2026 6.44 PM IST

കൊച്ചുമനസുകളിലെ, വലിയ ഭൂകമ്പങ്ങൾ

k

'വിദ്യാർത്ഥികളുടെ വ്യക്തിത്വം,മാറ്റങ്ങൾ,സ്വഭാവത്തിലെ പ്രശ്നങ്ങൾ തുടങ്ങിയവ തിരിച്ചറിഞ്ഞ് അവരെ നല്ല വ്യക്തിത്വത്തിലേയ്‌ക്കും നല്ല ശീലത്തിലേയ്ക്കും നയിക്കുന്ന മെന്ററുടെ റോൾ കൂടി പുതിയ കാലത്ത് അദ്ധ്യാപകർ ഏറ്റെടുക്കണം. 'പ്രമുഖ മനോരോഗ ചികിത്സാ വിദഗ്ദ്ധൻ ഡോ. സി.ജെ. ജോൺ നടത്തുന്ന വിശകലനം

പുതിയ കാലത്തെ വളർത്തുശൈലിയുടെ പ്രതിനിധിയാണ് പാലക്കാട്ടെ വിദ്യാർത്ഥി. അതിവൈകാരികതയിൽ സ്വയം നിയന്ത്രിക്കാനറിയാതെ ആക്രമണത്തിനും ആത്മനാശത്തിനും വരെ ഇരയാകാവുന്നതാണ് പുതിയകാലം. രക്ഷിതാക്കൾ മുതൽ അദ്ധ്യാപകർ വരെ അത്തരം കാര്യങ്ങൾക്ക് അറിഞ്ഞോ അറിയാതെയോ കാരണക്കാരാണ്. അവരെ നേർ വഴിക്ക് നയിക്കുന്ന പേരന്റിംഗും അദ്ധ്യാപനവും ആവശ്യമാണ്. ഇപ്പോഴത്തെ പല കുട്ടികളെയും നമുക്കറിയില്ല. അവർ വേറെ ഏതോ ലോകത്താണ്. അവിടത്തെ ശൈലികൾ മുതിർന്നവർക്ക് പരിചിതമല്ല. ഇവർ വളർന്ന് വരുമ്പോഴുള്ള നവലോകം എങ്ങനെയാകും?.

സ്‌കൂളിൽ മൊബൈൽ കൊണ്ടുവന്നതിന് വിളിപ്പിച്ച 16 വയസുകാരൻ അക്രമത്തിന്റെ പ്രചാരകരാകുന്ന പുതു സിനിമാ ഹീറോകളെപ്പോലെ പ്രധാന അദ്ധ്യാപകനെ ഭീഷണിപ്പെടുത്തുന്നു. പുറത്ത് ഇറങ്ങിയാൽ തട്ടിക്കകളയുമെന്ന ഡയലോഗും. പത്തനംതിട്ടയിലെ പോക്‌സോ പീഡന പരമ്പരയിലും നാലുപേർ 18 വയസിന് താഴെയുള്ളവരാണ്. തൃശൂരിൽ ഒറ്റക്കുത്തിന് യുവാവിനെ കൊന്നത് 14 വയസുകാരൻ.

പുതിയ കാലത്ത് കുട്ടികളിൽ ഭൂരിപക്ഷത്തിനും വലിയവരുടെ മനസാണ്. അവരെ സ്വാധീനിക്കുന്നത് രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും മുകളിൽ ഗൂഗിളും മൊബൈലുമാണ്. പഠിപ്പിക്കാൻ അദ്ധ്യാപകൻ തന്നെ വേണമെന്നില്ല. ഓൺലൈനിൽ നിന്ന് പഠിച്ചാലും പരീക്ഷയിൽ ജയിക്കാം. നന്നായി പഠിപ്പിക്കുന്ന അദ്ധ്യാപകനെന്ന തലത്തിലേയ്ക്ക് ഉയർന്നാലും മതിയാകുന്ന കാലമല്ല. അതിനപ്പുറം വിദ്യാർത്ഥികളുടെ വ്യക്തിത്വം,മാറ്റങ്ങൾ,സ്വഭാവത്തിലെ പ്രശ്നങ്ങൾ തുടങ്ങിയവ തിരിച്ചറിഞ്ഞ് മെന്ററെന്ന സ്ഥാനത്തേയ്ക്കാണ് അദ്ധ്യാപകർ വരേണ്ടത്. അവരെ നല്ല വ്യക്തിത്വത്തിലേയ്‌ക്കും നല്ല ശീലത്തിലേയ്ക്കും നയിക്കുന്ന മെന്ററുടെ റോൾ കൂടി പുതിയ കാലത്ത് അദ്ധ്യാപകർ ഏറ്റെടുക്കണം.

വീടുകളിൽ കുട്ടികൾക്ക് അമിതലാളനയാണ് നൽകുന്നത്. അവരെ കേൾക്കാനും ഒപ്പം നിന്ന് സ്നേഹത്തോടെ നയിക്കാനും പല വീടുകളിലും കഴിയുന്നില്ല. മനഃശാസ്ത്രപരമായ ഇടപെടലുകൾ പലപ്പോഴുമുണ്ടാകാറില്ല. വരച്ചവരയിൽ നിറുത്താനാണ് ശ്രമം. അതിനെ എതിർക്കുന്ന,പ്രതിഷേധിക്കുന്ന രീതിയിലേയ്ക്ക് ഒരുകൂട്ടർ പോകും. ചിലർ അവരുടേതായ ലോകം തീർക്കും. ഇത്തരക്കാർ കൂട്ടുകൂടുമ്പോൾ പകർത്തുന്നത് തെറ്റായ മാതൃകകളാണ്. മാർക്കോയും അമ്പാനും രംഗണ്ണനുമൊക്കെയാണ് മാതൃകയാകുന്നത്.

വൈകാരികതയെ നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ ചുവടുപിഴച്ചേക്കാം. ചിലർ അക്രമകാരികളാകും,നിഷേധികളാകും. ചിലർ വിഷാദത്തിന് അടിമപ്പെടും. സ്വയം നശിക്കാനും ആത്മഹത്യയ്ക്കും തീരുമാനിക്കും. ലഹരിയും സൈബറിടങ്ങളും തലച്ചോറിൽ അടിച്ചേൽപ്പിക്കുന്ന ആശയങ്ങളുടെ കതിരും പതിരും തിരിച്ചറിയാൻ കഴിയാതെവരും. കൊലപാതകങ്ങളിലും ലൈംഗികപീഡനങ്ങളിലും ടീനേജുകാർപ്പെട്ടേക്കാം.

വിദ്യാർത്ഥിയുടെ വിരട്ടലുകൾ മൊബൈൽ ക്യാമറയിൽ പകർത്തിയതിൽ തെറ്റില്ല. പെരുമാറ്റ ദൂഷ്യം മാതാപിതാക്കളെ ബോദ്ധ്യപ്പെടുത്താൻ അതുപയോഗിക്കാം. അത് വ്യാപകമായി പ്രചരിക്കാനിടയാക്കിയത് അവനെ തിരുത്തണമെന്ന് വിചാരമുള്ള സുമനസുകളാകില്ല. ഇത് ചെയ്തത് അദ്ധ്യാപകരെങ്കിൽ ഹാ കഷ്ടം. ആ പയ്യന്റെ കൊലവിളിപോലെ അപകടകരമാണ് മുതിർന്നവർ ചെയ്ത പങ്കിടൽ. നന്നാവാനല്ല,കൂടുതൽ വഷളാകാനാണിത് ഉപകരിക്കുക.

(എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടറാണ് )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA