SignIn
Kerala Kaumudi Online
Thursday, 22 October 2026 4.49 PM IST

മദ്യ നിർമ്മാണ ശാല: അഴിമതിയെന്ന് പ്രതിപക്ഷം

-efd

തിരുവനന്തപുരം: കഞ്ചിക്കോട്ട് മദ്യനിർമ്മാണ ശാലയ്ക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ഉന്നയിച്ചിട്ടുള്ള അഴിമതി ആരോപണം ജനങ്ങൾക്ക് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോപണം രമേശ് ചെന്നിത്തലയും താനും രണ്ടായി ഉന്നയിക്കുന്നതിലായിരുന്നു മന്ത്രി എം.ബി.രാജേഷിന് വിഷമമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി.

അടിയന്തര പ്രമേയമായി ആരോപണം ഉന്നയിച്ചില്ലെന്നാണ് മന്ത്രി ആക്ഷേപിച്ചത്. രാജേഷ് പാർലമെന്ററികാര്യ മന്ത്രി കൂടിയാണ്. അഴിമതി ആരോപണം അടിയന്തര പ്രമേയമായി ഉന്നയിക്കാനാകില്ല. എഴുതിക്കൊടുത്തു മാത്രമേ ഉന്നയിക്കാനാകൂ. ഇതല്ലാതെ മന്ത്രിക്ക് ഒരു മറുപടിയുമില്ലെന്നും സതീശൻ പറഞ്ഞു.

കുടിവെള്ളം പോലും കിട്ടാത്ത സ്ഥലത്താണ് ഇത്രയും വലിയ പ്ലാന്റ് സ്ഥാപിക്കാൻ അനുമതി നൽകിയതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മഴനിഴൽ പ്രദേശത്താണ് മഴവെള്ളം സംഭരിക്കും എന്ന് പറയുന്നത്. ഇവിടെ എത്ര ശതമാനം വെള്ളം കിട്ടുമെന്ന് പഠനം നടത്തിയിട്ടുണ്ടോ. നിയമസഭാചട്ടം 285 അനുസരിച്ചാണ് അഴിമതി ആരോപണം എഴുതി ഉന്നയിച്ചിട്ടുള്ളത്. കമ്പനിയെ തിരഞ്ഞെടുത്തതിൽ അഴിമതിയുണ്ടെന്നും ആരോപിച്ചു.

ആരോപണങ്ങൾക്ക് സർക്കാർ മറുപടി നൽകിയ ശേഷം ബാക്കി പറയാമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊക്കക്കോള കമ്പനി പാലക്കാട് നിന്നും വെള്ളം ഊറ്റുന്നതിന് എതിരെ കേരളം മുഴുവൻ സമരം നടത്തി ആ കമ്പനിയെ പൂട്ടിച്ചതാണ്. അവിടെയാണ് അതിനെക്കാൾ വെള്ളം ഊറ്റുന്ന മദ്യനിർമ്മാണശാല കൊണ്ടുവരുന്നത്. ഒരു നടപടിക്രമങ്ങളും പാലിക്കാതെയാണ് കമ്പനിക്ക് അനുമതി നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA