SignIn
Kerala Kaumudi Online
Thursday, 22 October 2026 5.44 PM IST

പി.പി.ഇ കിറ്റ് വിവാദത്തിൽ മുഖ്യമന്ത്രി, സി.എ.ജി റിപ്പോർട്ട് അന്തിമമല്ല അവ്യക്തത സൃഷ്ടിക്കുന്നു, കണക്കുകൾ കൂട്ടിവച്ചാൽ ശരിയാകില്ല

g

തിരുവനന്തപുരം: കൊവിഡ് കാലത്ത് ഉയർന്ന വിലയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന സി.എ.ജി റിപ്പോർട്ടിലെ പരാർശങ്ങളും പ്രതിപക്ഷ ആരോപണവും മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. സി.എ.ജി റിപ്പോർട്ട് അന്തിമമല്ലെന്ന് നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചകൾക്ക് മറുപടി നൽകവേ മുഖ്യമന്ത്രി വ്യക്തമാക്കി.

സി.എ.ജി യാന്ത്രികമായി അക്കങ്ങൾ കൂട്ടിനോക്കിയാൽ കൊവിഡ് കാലത്തെ സാഹചര്യം മനസിലാകുമോ. കൊവിഡ് കാലത്ത് ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. പി.പി.ഇ കിറ്റ് അനിവാര്യമായിരുന്നു. കൊവിഡ് കാലവും സാധാരണ കാലവും തമ്മിൽ വ്യത്യാസമുണ്ട്. കണക്കുകൾ കൂട്ടിവച്ച് വിലയിരുത്തിയാൽ ശരിയാകില്ല. അവ്യക്തത സൃഷ്ടിക്കുകയാണ് സി.എ.ജി ചെയ്തത്. അവശ്യസാധന ക്ഷാമമോ വിലക്കയറ്റമോ കണക്കിലെടുത്തല്ല സി.എ.ജി റിപ്പോർട്ട്.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതിയെയാണ് സാഹചര്യങ്ങൾക്ക് അനുസരിച്ച് പെരുമാറാൻ ചുമതലപ്പെടുത്തിയത്. അടിയന്തര സാഹചര്യത്തിനൊപ്പം പെരുമാറേണ്ടി വന്നിട്ടുണ്ട്. സി.എ.ജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സർക്കാർ നൽകിയിരുന്നു.

സങ്കീർണമായ മാനദണ്ഡങ്ങളെല്ലാം പാലിച്ച് മുന്നോട്ട് പോയാൽ മതിയായിരുന്നു എന്നാണോ പ്രതിപക്ഷം പറയുന്നത്.

സർക്കാരിന് അന്ന് പി.പി.ഇ കിറ്റ് കിട്ടിയേ തീരുമായിരുന്നുള്ളു. കരാറിലേർപ്പെട്ട സ്ഥാപനം സമയത്ത് കിറ്റ് നൽകിയില്ല. തുടർന്നാണ് കൂടുതൽ വിലയ്ക്ക് കിറ്റ് വാങ്ങാൻ കരാറായത്. പിന്നീട് തദ്ദേശീയമായ ഒരു സ്ഥാപനം വന്നപ്പോൾ കൂടുതൽ വിലയ്ക്ക് നൽകിയ കരാറിൽ ഒരുഭാഗം അവർക്ക് കുറഞ്ഞ വിലയ്ക്ക് മാറ്റി നൽകിയിരുന്നു. ഇനിയെല്ലാം നിയമസഭയുടെ പബ്ളിക്ക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ശൈലജയുടെ പേര്

പരാമർശിച്ചില്ല

പി.പി.ഇ കിറ്റ് ഇടപാടിനെ ന്യായീകരിച്ച അരമണിക്കൂറോളം നീണ്ട വിശദീകരണത്തിൽ ഒരിടത്തുപോലും അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പേര് മുഖ്യമന്ത്രി പരാമർശിച്ചില്ല. ഇടപാടിനെക്കുറിച്ച് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവിന്റേത് സംസ്ഥാനത്തെ ആരോഗ്യമേഖലയെ കരിവാരിത്തേയ്ക്കാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA