
കോഴിക്കോട്: നാല് വോട്ടിന് വേണ്ടി കോൺഗ്രസും,മുസ്ലാം ലീഗും വർഗീയതയെ താലോലിക്കുന്നത് മത നിരപേക്ഷതയുടെ തകർച്ചയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ മുസ്ലിം ലീഗിന്റെ കാര്യങ്ങൾ ഇപ്പോൾ നിയന്ത്രിക്കുന്നത് ജമാ അത്തെ ഇസ്ലാമിയും, എസ്.ഡി.പി.ഐയുമാണ്. മത നിരപേക്ഷതയുടെ പക്ഷത്താണെന്ന് പറയുമ്പോഴും എന്തുകൊണ്ടാണ് ലീഗിന് ഇത്തരം ഛിദ്രശക്തികളെ തുറന്നെതിർക്കാനാവാത്തത്. ന്യൂനപക്ഷ വർഗീയതയേയും ഭൂരിപക്ഷ വർഗീയയേയും ഒരേ പോലെ എതിർക്കേണ്ട ലീഗ് എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്?. നേമത്തും തൃശൂരുമെല്ലാം ബി.ജെ.പി എങ്ങനെ ജയിച്ചെന്നത് കോൺഗ്രസും യു.ഡി.എഫും പരിശോധിക്കേണ്ടല്ലേ. പാലക്കാട്ടെ യു.ഡി.എഫ് വിജയം ആദ്യം ആഘോഷിച്ചത് എസ്.ഡി.പി.ഐയാണ്. എന്നിട്ടും കോൺഗ്രസ് വർഗീയതയ്ക്ക് മാന്യത കൽപ്പിക്കുകയാണ്.
സംഘപരിവാർ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിന്റെ വർഗീയ നിലപാടുകളോടെല്ലാം കോൺഗ്രസ് സമരസപ്പെടുകയാണ്. ബാബറി മസ്ജിദ് തകർത്ത് രാമക്ഷേത്ര നിർമിതി നടത്തിയപ്പോൾ അതിന്റെ ക്രെഡിറ്റ് തങ്ങൾക്കാണെന്ന് പറയുന്ന പാർട്ടിയാണ് കോൺഗ്രസ്. പശുവിനെ ആദ്യം ഗോമാതാവെന്ന് വിളിച്ചത് തങ്ങളാണെന്നും അവകാശപ്പെടുന്നു. ഇത്തരത്തിൽ ബി.ജെ.പിയെക്കാൾ മുന്നിലാണ് വർഗീയതയെ താലോലിക്കുന്ന കാര്യത്തിൽ കോൺഗ്രസെന്നും പിണറായി പറഞ്ഞു. പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, സെക്രട്ടറി പി.മോഹനൻ, ജില്ലാ സെക്രട്ടറി എം.മെഹ്ബൂബ് തുടങ്ങിയവർ പ്രസംഗിച്ചു. നഗരത്തെ ഇളക്കിമറിച്ച് റെഡ് വോളണ്ടിയർ മാർച്ചോടെയായിരുന്നു ജില്ലാ സമ്മേളനത്തിന് വടകരയിൽ സമാപനമായത്.
സ്പീക്കറെ പിന്തുണച്ചും ദിവ്യയെ തള്ളിയും
ടി.പി. ചന്ദ്രശേഖരന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ സ്പീക്കർ എ.എൻ. ഷംസീറിനെ അനുകൂലിച്ചും നവീൻ വിഷയത്തിൽ പി.പി.ദിവ്യയെ തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയൻ. വടകരയിൽ ഇന്നലെ നടന്ന സി.പി.എം കോഴിക്കോട് ജില്ലാസമ്മേളനത്തിത്തിലാണിത്.
കെ.കെ.രമ എം.എൽ.എയുടെ മകന്റെ കല്യാണമെന്ന നിലയിലാണ് സഭാദ്ധ്യക്ഷൻ ഷംസീർ പങ്കെടുത്തത്. അതിൽ രാഷ്ട്രീയം കാണേണ്ടതില്ല. വിവാഹത്തിലും മരണത്തിലുമൊന്നും രാഷ്ട്രീയം കാണണ്ടതില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പി.പി. ദിവ്യയുടെ കാര്യത്തിലുണ്ടായ നടപടി തെറ്റിദ്ധാരണയുടെ പേരിലല്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ല. കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാനല്ല ശ്രമിക്കേണ്ടത്. വിളിക്കാത്ത പരിപാടിക്ക് പോയി കാര്യങ്ങൾ പറഞ്ഞത് ശരിയായ നടപടിയായില്ല. ഇത് മനസിലാക്കിയാണ് പാർട്ടി നടപടിയെടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |