
□മൂന്ന് ദിവസവും മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം
കണ്ണൂർ: സി.പി.എമ്മിന്റെ രാജ്യത്തെ ഏറ്റവും ശക്തമായ ഘടകമായ കണ്ണൂരിലെ ജില്ലാസമ്മേളനത്തിന് തളിപ്പറമ്പിൽ ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നു ദിവസവുമുണ്ടാകുമെന്നത് വിമർശനങ്ങളുടെ തീവ്രത കുറക്കാനാണ് സാദ്ധ്യത.
ജന്മനാട്ടിൽ നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമുണ്ടാകും.
രാവിലെ തളിപ്പറമ്പിലെ കെ.കെ.എൻ.പരിയാരം ഹാളിൽ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീമതി, ഇ.പി.ജയരാജൻ, എ.കെ.ബാലൻ, കെ.കെ.ശൈലജ, എളമരം കരീം, കെ.രാധാകൃഷ്ണൻ, പി.സതീദേവി, സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.കെ.ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, എം.സ്വരാജ് എന്നിവരും പങ്കെടുക്കും.
വിമർശനം
കടുക്കരുത്
ലോകസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ഭരണപരമായ വീഴ്ചകൾ കാരണമായിട്ടുണ്ടെന്ന് ജില്ലാസമ്മളന നടപടികൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ജില്ലാസെക്രട്ടറി എം.വി.ജയരാജൻ വിശദീകരിച്ചിരുന്നു. ക്ഷേമപെൻഷൻ മുടങ്ങിയതും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം ജനങ്ങളെ ബോധിപ്പിക്കാൻ കഴിയാത്തതുമാണ് കനത്ത തോൽവിയുടെ കാരണമായെന്നായിരുന്നു സ്ഥാനാർത്ഥി കൂടിയായിരുന്ന എം.വി.ജയരാജൻ പറഞ്ഞത്. യു.ഡി.എഫ്. അനുകൂല തരംഗമുണ്ടായെങ്കിലും പാർട്ടി കോട്ടയിൽ ഒരു ലക്ഷത്തിലേറെ വോട്ടിന് തോറ്റതിന്റെ കാരണം സർക്കാരിലേക്ക് നീളും.തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ 12 ശതമാനത്തോളം വോട്ട് കുറഞ്ഞിരുന്നു. .
വിവാദ വിഷയങ്ങളേറെ
#ലോക് സഭ തിരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച,
#എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യ
# പ്രകാശ് ജാവേദ്കർ -ഇ.പി കൂടിക്കാഴ്ച, ഇ.പിയുടെ ആത്മകഥാ വിവാദം
# പയ്യന്നൂർ അടക്കമുള്ള ശക്തികേന്ദ്രങ്ങളിലെ വിഭാഗീയത,
#പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ സാമ്പത്തിക തിരിമറി
#പി. ജയരാജൻ- മനു തോമസ് ഏറ്റുമുട്ടൽ വിവാദം,
#പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം
#മുൻ എം.എൽ.എ സി.കെ.പി.പദ്മനാഭനോടുള്ള അവഗണന
എം.വി. ജയരാജൻ
തുടർന്നേക്കും
നിലവിലെ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ സ്ഥാനത്തു തുടരുമെന്നാണ് സൂചന. ജയരാജൻ അല്ലെങ്കിൽ നേരത്തെ ആക്ടിംഗ് സെക്രട്ടറി പദവി വഹിച്ചിരുന്ന മുൻ എം.എൽ.എ. ടി.വി. രാജേഷിനെ തിരഞ്ഞെടുക്കാനാണ് സാദ്ധ്യത. ജില്ലാ കമ്മറ്റിയിലേക്ക് കൂടുതൽ പുതുമുഖങ്ങളെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |