
കോട്ടയം: സ്ഥാനാർത്ഥി നിർണയത്തിൽ ഈഴവ പ്രാതിനിധ്യം കുറവാണെന്ന പരാതി കോൺഗ്രസ് നേതൃത്വം പരിഹരിക്കണമെന്ന് കെ.പി.സി.സി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കേരളകൗമുദിയോട് പറഞ്ഞു. ഭരണഘടനാപരമായ സംവരണമുള്ളതിനാൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് അർഹമായ സീറ്റ് ലഭിക്കും. പിന്നാക്ക വിഭാഗത്തിന് സംവരണമില്ലാത്തതിനാൽ പാർട്ടി നേതൃത്വം കണ്ടറിഞ്ഞു ചെയ്യണം.
ഈഴവ വിഭാഗത്തിൽ നിന്ന് സി. കേശവൻ, ആർ. ശങ്കർ എന്നിവരെ മുഖ്യമന്ത്രിയാക്കിയത് കോൺഗ്രസായിരുന്നു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമുൾപ്പെടെ നേതൃനിരയിലും മതിയായ പ്രാതിനിത്യം ഈഴവർക്ക് ലഭിച്ചിരുന്നു.
പിന്നാക്ക വിഭാഗങ്ങളെ പൂർണമായി ഉൾക്കൊണ്ടു കോൺഗ്രസ് മുന്നോട്ടു പോകണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈഴവ വിഭാഗത്തിൽ നിന്ന് കെ. സുധാകരനും അടൂർ പ്രകാശും എം.പിമാരായി. 2001ൽ കോൺഗ്രസിന് 65 എം.എൽ.എമാരുണ്ടായിരുന്നപ്പോൾ ഈഴവർക്ക് അർഹമായ പ്രാതിനിധ്യമുണ്ടായിരുന്നു. 2021ൽ കോൺഗ്രസ് എം.എൽ.എമാർ 21ആയി. ഈഴവ സ്ഥാനാർത്ഥികളിൽ കെ. ബാബു മാത്രമാണ് ജയിച്ചത്. സീറ്റ് നൽകിയ പലരും പരാജയപ്പെട്ടത് അന്നത്തെ രാഷ്ട്രീയ സാഹചര്യം കാരണമാകും. മറ്റു സമുദായഅംഗങ്ങളുടെ പ്രാതിനിധ്യവും കുറഞ്ഞിരുന്നു.
പിന്നാക്ക സമുദായങ്ങൾക്കടക്കം ജാതി സംവരണം വേണമെന്നും, ജാതി സെൻസസ് വേണമെന്നുമാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. ഇക്കാര്യത്തിൽ മറ്റു ദേശീയ പാർട്ടി നേതാക്കൾ മൗനത്തിലാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |