
തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോട് കാട്ടിയ കടുത്ത അവഗണന ഇക്കൊല്ലം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ആയുധമാക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും. പാർലമെന്റിലടക്കം ശക്തമായി പ്രതിഷേധിക്കും. ബഡ്ജറ്റിന് പിന്നാലെ, കേരളം പിന്നാക്ക സംസ്ഥാനമാണെന്ന് പ്രഖ്യാപിക്കണമെന്ന കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ കുത്തിനോവിക്കലും കേന്ദ്രത്തെ അടിക്കാൻ കിട്ടിയ വടിയായി. പട്ടികവർഗ മന്ത്രി ഉന്നതകുലജാതനാവണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവനയും ബഡ്ജറ്റ് അവഗണനയ്ക്കൊപ്പം ഉയർത്തിക്കാട്ടും.
വിഴിഞ്ഞം പദ്ധതി, വയനാട് പുനരധിവാസ പാക്കേജ്, എയിംസ് തുടങ്ങിയവയിൽ കേന്ദ്രത്തിന്റെ അവഗണനയിൽ പ്രതിഷേധം കടുപ്പിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ ആവശ്യപ്പെട്ട 24,000 കോടിയുടെ പാക്കേജിലായിരുന്നു സംസ്ഥാന സർക്കാരിന്റെ മുഖ്യപ്രതീക്ഷ. അതപ്പാടെ തകർന്നു.
കടമെടുപ്പ് പരിധി അർഹമായ വിധത്തിൽ ഉയർത്തണമെന്നും റബർ, നെൽ കർഷകർക്ക് അടിയന്തര സഹായം വേണമെന്നുമുള്ള ആവശ്യം കേന്ദ്രം നിഷ്കരുണമാണ് തള്ളിയത്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമെല്ലാം തലസ്ഥാനത്തെത്തിയ ശേഷം ബഡ്ജറ്റ് അവഗണനയിൽ തുടർനടപടികൾ ആലോചിക്കുമെന്നാണ് അറിയുന്നത്. ഇടതുമുന്നണിയും കേന്ദ്രവിരുദ്ധ പ്രചാരണത്തിന് രൂപം നൽകും.
തദ്ദേശ തിരഞ്ഞെടുപ്പിൽ അവഗണനകൾ അക്കമിട്ട് നിരത്തി ജനങ്ങളുടെ വികാരം അനുകൂലമാക്കാനാവും ഇടതുപക്ഷത്തിന്റെ നീക്കം. ഇതേനീക്കം തന്നെയാകും കോൺഗ്രസും നടത്തുക. ഒപ്പം സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും ഉയർത്തിക്കാട്ടും.
പാർലമെന്റിൽ പ്രതിഷേധിക്കും
കോൺഗ്രസിന്റെ കേരളത്തിലെ എം.പിമാർ പാർലമെന്റിൽ ശക്തമായ പ്രതിഷേധം ഉയർത്താനുള്ള നീക്കത്തിലാണ്. വിഷയത്തിൽ കെ.പി.സി.സിയുടെ നിലപാട് ഇന്നോ നാളെയോ തീരുമാനിക്കും. കെ.പി.സി.സി പ്രസിഡന്റടക്കം കേന്ദ്ര അവഗണനയിൽ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
പാവപ്പെട്ടവരെ അവഗണിച്ചു:
ടി.പി.രാമകൃഷ്ണൻ
കൊല്ലം: സാധാരണക്കാരെയും പാവപ്പെട്ടവരെയും ഇത്രയേറെ അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുന്ന ബഡ്‌ജറ്റ് രാജ്യചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം സമ്പന്നരുടെ സമ്പത്ത് വീണ്ടും വർദ്ധിപ്പിക്കുകയാണ്. കോർപ്പറേറ്റുകൾക്ക് കടൽ എഴുതിനൽകുന്ന നടപടികളുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കടൽ ഖനനം അതിവേഗം നടപ്പാക്കാൻ കേന്ദ്രം ഒരുങ്ങുന്നു. കേന്ദ്ര നീക്കത്തിനെതിരെ കടൽ സമരവേദിയായി മാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |