
കൊച്ചി:കാണാമറയത്തെ കൊടുംക്രിമിനലുകളെ പിടികൂടാൻ പഴുതുകാണാതെ വലയുന്ന പൊലീസിന് വഴികാട്ടുന്നത് രാജീവന്റെ രേഖാചിത്രങ്ങൾ.
ജാേസഫ് മാഷിന്റെ കൈവെട്ടിയവർ, കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കഴുത്തറുത്ത് കൊന്ന സൈനികൻ.... ഉദയംപേരൂർ സ്വദേശി ടി.വി. രാജീവന്റെ രേഖാചിത്രത്തിൽ കുടുങ്ങിയ കൊടും ക്രിമിനലുകൾ ഇരുപതിലേറെ. പൊലീസിൽ നിന്ന് എസ്.ഐ ആയി കഴിഞ്ഞവർഷം വിരമിച്ചെങ്കിലും
കർമ്മനിരതനായി സേനയ്ക്കൊപ്പമുണ്ട്.
26 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെയടക്കം നൂറുകണക്കിന് ചിത്രങ്ങൾ വരച്ചു. സി.ബി.ഐയും എൻ.ഐ.എയും സഹായം തേടിയിട്ടുണ്ട്. ഒറ്റയ്‌ക്കു താമസിക്കുന്ന സ്ത്രീകളെ ആക്രമിച്ച് കവർച്ച നടത്തിയ സൈക്കോ കുറ്റവാളി, മതപ്രബോധകൻ റഹീം പൂക്കടശേരിയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭീകരബന്ധമുള്ള കുറ്റവാളി, പോക്‌സോ പ്രതികൾ, ആലപ്പുഴയിൽ വിദേശവനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി എന്നിങ്ങനെ അന്വേഷണസംഘത്തിനു മുന്നിൽ തെളിഞ്ഞ രൂപങ്ങളേറെ.
റഹീം പൂക്കടശേരി വധശ്രമ കേസിലെ പ്രതി കാശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു. യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെയും കൂട്ടുപ്രതിയെയും 18 വർഷത്തിനുശേഷം അടുത്തിടെ പോണ്ടിച്ചേരിയിൽനിന്നാണ് സി.ബി.ഐ പിടികൂടിയത്.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള സ്റ്റേഷനുകൾ രാജീവന്റെ സഹായം തേടിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പുരസ്‌കാരവും ലഭിച്ചു. രേഖാചിത്രകാരന്മാർക്ക് പരിശീലനവും നൽകുന്നുണ്ട്. ഓയിൽ, അക്രിലിക് പെയിന്റിംഗിലും വിദഗ്ദ്ധനാണ്.
കോൺസ്റ്റബിളായി സർവീസിൽ കയറിയ രാജീവന്റെ കഴിവ് തിരിച്ചറിഞ്ഞ തൃശൂർ ക്യാമ്പിലെ കമാൻഡന്റ് പുരുഷോത്തമൻ പിള്ളയാണ് പ്രോത്സാഹനം നൽകിയത്. ഫോർട്ട്‌കൊച്ചിയിലെ വീട്ടിൽ സ്വർണം കവർന്ന പ്രതിയുടെ രേഖാചിത്രമാണ് ആദ്യമായി വരച്ചത്. പ്രോത്സാഹനമേകിയ എ.ഡി.ജി.പി പി. വിജയനെയും മറക്കാനാവില്ല. ജിജിമോളാണ് ഭാര്യ. മകൾ: ഡോ.അഞ്ജന രാജീവൻ.
ഇരകളും ദൃക്സാക്ഷികളും
നൽകുന്ന സൂചന
# ഇരകളും ദൃക്സാക്ഷികളും നൽകുന്ന സൂചനകളനുസരിച്ചാണ് വരയ്ക്കുന്നത്. ഓരോ വ്യക്തിയുടെയും കണ്ണിനും മൂക്കിനും ചുണ്ടിനും വ്യത്യാസമുണ്ടാവും. പൂർത്തിയാക്കാൻ അഞ്ചു മണിക്കൂറോളം വേണം. പലതവണ മാറ്റിവരയ്‌ക്കേണ്ടിവരും. മതപ്രബോധകനെ മഴുകൊണ്ട് വെട്ടുന്നത് കാറിന്റെ മിററിലൂടെ കണ്ട അദ്ദേഹത്തിന്റെ ഡ്രൈവറാണ് സൂചനകൾ നൽകിയത്.
ദൃക്‌സാക്ഷികളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുമ്പോൾ പൊലീസാണെന്ന് വെളിപ്പെടുത്താറില്ല. ആശങ്കയില്ലാതെ അവർ കാര്യങ്ങൾ തുറന്നുപറയാനാണിത്. മുഖത്തെ പാടിനും മറുകിനുമൊക്കെ വലിയ പ്രാധാന്യമുണ്ട്.
ടി.വി. രാജീവൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |