
തിരുവനന്തപുരം: ക്രൂരമായ റാഗിംഗിന് ഇരയായ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ജീവിതം പൊലിഞ്ഞിട്ട് 18ന് ഒരു വർഷമാകും. ഇപ്പോഴും നീതിക്കുവേണ്ടിയുള്ള പരക്കം പാച്ചിലിലാണ് കുടുംബം.
പൊലീസ് അന്വേഷണത്തിൽ പ്രതികളായി 20 പേരെ കണ്ടെത്തിയെങ്കിലും കുറ്റപത്രത്തിൽ 18 പേരായി. അനീതിയുടെ ആദ്യവഴി. മരണത്തിൽ റൂം മേറ്റിന്റെ പങ്ക് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും ഉന്നത രാഷ്ട്രീയ ബന്ധം കാരണം അയാളെ ഒഴിവാക്കി. ഒരു ഭരണപക്ഷ എം.എൽ.എയുടെ ബന്ധുവാണ് ഇയാളെന്ന് കുടുംബം ആരോപിക്കുന്നു. സിദ്ധാർത്ഥനെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ പങ്കും അന്വേഷണ വിധേയമായിട്ടില്ല. സി.ബി.ഐ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കേസ് ഫയൽ സമർപ്പിച്ചെങ്കിലും വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല. 19നാണ് ആദ്യ സിറ്റിംഗ്.
പ്രതികളായ 18 പേർക്കും തുടർപഠനത്തിന് അവസരം ഒരുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചെങ്കിലും ഡിവിഷൻ ബെഞ്ച് വിധി സ്റ്റേ ചെയ്തു. ഇക്കഴിഞ്ഞ 3ന് മണ്ണുത്തിയിലെ കോളേജിൽ പഠനം തുടരാനായിരുന്നു കോടതി വിധിയെ തുടർന്ന് യൂണിവേഴ്‌സിറ്റി ഉത്തരവ് നൽകിയിരുന്നത്.
മരണവിവരം മൂടിവയ്‌ക്കാനും തേച്ചുമാച്ചു കളയാനും ശ്രമിച്ചതിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ഡീൻ നാരായണൻ, അസി.വാർഡൻ കാന്തനാഥൻ എന്നിവർക്ക് പാലക്കാട്ടെ കോളേജിൽ നിയമനം നൽകാൻ സിൻഡിക്കേറ്റ് ഉത്തരവ് നൽകിയെങ്കിലും സിദ്ധാർത്ഥിന്റെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഗവർണർ നിയമനം തടഞ്ഞിരുന്നു. ഇവരെ ജോലിയിൽ തിരികെ കയറ്റാനുള്ള നിയമനടപടിക്ക് ബക്കറ്റു പിരിവ് നടത്തുകയാണ് അദ്ധ്യാപക സംഘടന.
കണ്ണട പോലും തിരികെ ലഭിച്ചില്ല
സിദ്ധാർത്ഥ് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും റൂമിലുണ്ടായിരുന്ന വസ്‌തുക്കളും ഏറ്റെടുക്കണമെന്ന് കാണിച്ച് നാലു മാസം മുൻപ് ഡീനിന്റെ കത്ത് ലഭിച്ചിരുന്നു. ഇതിനായി ഹോസ്റ്റലിൽ എത്തിയ ബന്ധുക്കൾക്ക് കരച്ചിലടക്കാനായില്ല. ഹോസ്റ്റലിന്റെ ഒരുകോണിൽ കൂട്ടിയിട്ട മാലിന്യങ്ങൾക്കിടയിലായിരുന്നു സിദ്ധാർത്ഥ് ഉപയോഗിച്ചിരുന്ന വസ്തുക്കൾ. സിദ്ധാർത്ഥിന്റെ കണ്ണട , വാച്ച്, പേഴ്‌സ്,ബാഗ്, ഷൂ എന്നിവയടക്കം 40 സാധനങ്ങൾ കിട്ടിയില്ല. ഷർട്ടും പാന്റ്സും മാത്രമാണ് തിരികെ ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |