
തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ സ്കൂൾ ഏകീകരണശ്രമം അറബിക്കടലിൽ എറിയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രീഡിഗ്രിയെ പ്ളസ്ടു ആക്കിയത് കൃത്യമായി പഠിച്ചിട്ടാണ്. എന്നാൽ, ഇപ്പോഴത്തെ ലയനത്തിന് യാതൊരു പഠനവും നടത്തിയിട്ടില്ല. ഖാദർ കമ്മിറ്റിയുടെ ഫൈനൽ റിപ്പോർട്ട് ആരും കണ്ടിട്ടില്ല. ഏകീകരണം നടപ്പാക്കുന്നതിലെ സർവീസ്, ഭരണപരമായ പ്രശ്നങ്ങൾ പരിഗണിച്ചിട്ടില്ല.
കേരളത്തിലെ പഠനമുപേക്ഷിച്ച് വിദ്യാർത്ഥികൾ അന്യരാജ്യങ്ങളിലേക്ക് ചേക്കേറുന്ന സാഹചര്യം സർക്കാരിന്റെ തെറ്റായ നയങ്ങളുടെ പ്രതിഫലനമാണ്. കുട്ടികൾ വിദേശത്തേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മഹാത്മാഗാന്ധി വിദേശത്തല്ലേ പഠിച്ചതെന്നായിരുന്നു ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
ഉമ്മൻചാണ്ടി സ്മാരക സാഹിത്യപുരസ്‌കാരം കെ.വി.മനോജിന് പ്രതിപക്ഷനേതാവ് സമ്മാനിച്ചു. ജില്ലാതലത്തിലെ മികച്ച അദ്ധ്യാപകർക്കും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള പുരസ്കാരങ്ങളും വിതരണംചെയ്തു. വിദ്യാഭ്യാസസമ്മേളനം ടി.സിദ്ദിഖ് എം.എൽ.എയും സാംസ്‌കാരിക സമ്മേളനം പി.സി.വിഷ്ണുനാഥ് എം.എൽ.എയും ഉദ്ഘാടനം ചെയ്തു. യാത്രഅയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. വനിതാ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി വീണ എസ്.നായർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് കെ.വെങ്കിടമൂർത്തി, ജനറൽ സെക്രട്ടറി അനിൽ എം.ജോർജ്, കെ.പി. അനിൽകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധൻ, സെറ്റോ ചെയർമാൻ ചവറ ജയകുമാർ, എഫ്.എച്ച്.എസ്.ടി.എ ചെയർമാൻ ആർ.അരുൺകുമാർ, കെ.ജി.എൻ.യു സംസ്ഥാന പ്രസിഡന്റ് കെ.സന്തോഷ്, കേരള ഓഡിറ്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ മനോഹർ.എ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |