
ലിസ്റ്റിൽ വിവിധ പാർട്ടി നേതാക്കൾ
ചീഫ്സെക്രട്ടറിക്ക് കത്തുനൽകി വിജി. മേധാവി
തിരുവനന്തപുരം: അഴിമതിക്കേസുകളിൽ 400 രാഷ്ട്രീയക്കാരെ വിചാരണ ചെയ്യാൻ വിജിലൻസിന് സർക്കാർ അനുമതി നൽകുന്നില്ല. ഇതിൽ ജനപ്രതിനിധികളുമുണ്ട്. എല്ലാ പാർട്ടികളിലുള്ളവരുമുണ്ട്.
അഴിമതി നിരോധന നിയമത്തിലെ 17(എ) ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാൻ ഉന്നതാധികാരിയുടെ അനുമതിവേണം. പ്രോസിക്യൂഷൻ അനുമതിക്കുള്ള വിജിലൻസിന്റെ അപേക്ഷകൾ വകുപ്പുകളിൽ പൂഴ്‌ത്തുകയാണ്. അനുമതി നൽകാൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകണമെന്ന് ചീഫ്സെക്രട്ടറി ശാരദാമുരളീധരന് വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത കത്തുനൽകി.
അഞ്ചുവർഷം മുൻപുള്ള പ്രോസിക്യൂഷൻ അപേക്ഷകൾപോലും പൂഴ്‌ത്തി. ആഭ്യന്തര സെക്രട്ടറി അപേക്ഷ ബന്ധപ്പെട്ട വകുപ്പുകൾക്ക് അയയ്ക്കും. തീരുമാനമെടുക്കാതെയും മറുപടി നൽകാതെയും അവഗണിക്കുകയാണ് പതിവ്. അനുമതി ലഭിക്കാത്തതിനാൽ അഴിമതിക്കുറ്റം ഒഴിവാക്കി കുറ്റപത്രം നൽകേണ്ടിവരും. അതോടെ കേസുകൾ ദുർബലമാവുകയും പ്രതികൾ രക്ഷപെടുകയും ചെയ്യും.
കൈക്കൂലിക്കേസിൽ പൊതുസേവകരെ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പോലും ശിക്ഷിക്കാമെന്നാണ് സുപ്രീംകോടതി ഉത്തരവ്. പക്ഷേ എല്ലാ തെളിവുകളോടെയും കുറ്റപത്രം തയ്യാറാക്കി അപേക്ഷിച്ചാലും വിചാരണയ്ക്ക് അനുമതി കിട്ടില്ല.
പാലാരിവട്ടം മേൽപ്പാല അഴിമതിക്കേസിൽ നാലുവർഷമായിട്ടും വിചാരണയ്ക്ക് അനുമതിയില്ല. ഈകേസിൽ മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരേ കേസിന് ഗവർണർ അനുമതി നൽകിയിരുന്നു. പ്ലസ്ടു കോഴയിൽ കെ.എം.ഷാജി, തമിഴ്നാട്ടിലെ ഭൂമിയിടപാടിൽ മുൻ ഡി.ജി.പി ജേക്കബ് തോമസ് എന്നിവർക്കെതിരായ കേസിനാണ് സമീപകാലത്ത് അനുമതി നൽകിയത്.
കള്ളക്കളി ഇങ്ങനെ
പ്രോസിക്യൂഷൻ അനുമതിക്കുള്ള അപേക്ഷകളിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കേണ്ടതുണ്ട്. സർക്കാരിന് അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്യാം. നിഷേധിച്ചാൽ പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാം. അതിനാൽ തീരുമാനമെടുക്കാതെ അപേക്ഷ പൂഴ്‌ത്തും.
അഴിമതിക്കാർ രക്ഷപെടും
1)പ്രോസിക്യൂഷൻ അനുമതി തടഞ്ഞാൽ അഴിമതിക്കാർ രക്ഷപെടുന്ന സ്ഥിതിയുണ്ടാവും
2)അഴിമതിക്കുറ്റമൊഴിവാക്കി ഗൂഢാലോചന,പ്രേരണ കുറ്റങ്ങൾക്കാണിപ്പോൾ കുറ്റപത്രം നൽകുന്നത്
3)ഇത് കേസ് ദുർബലപ്പെടുത്തും. അഴിമതിക്കാർക്ക് സുഖമായി വിരമിക്കാൻ അവസരമൊരുങ്ങും
പ്രോസിക്യൂഷൻ അപേക്ഷകളിൽ തീരുമാനമെടുക്കണമെന്ന് എല്ലാ വകുപ്പുകളോടും ആവശ്യപ്പെടാനാണ് ചീഫ്സെക്രട്ടറിക്ക് കത്തു നൽകിയത്
-യോഗേഷ്ഗുപ്ത
വിജിലൻസ് മേധാവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |