SignIn
Kerala Kaumudi Online
Sunday, 25 October 2026 2.26 AM IST

മാലിന്യം കൂടുതലുള്ള കേന്ദ്രങ്ങൾ തദ്ദേശ നിരീക്ഷണത്തിലാക്കും

READ ENGLISH VERSION
d

തിരുവനന്തപുരം: ബ്രഹ്മപുരത്തെ മാലിന്യക്കൂനയും തലസ്ഥാനത്തെ മാലിന്യം തിരുനെൽവേലിയിൽ കൊണ്ടുതള്ളിയതും തിരിച്ചടിയായ സാഹചര്യത്തിൽ പുതിയ ആക്ഷൻ പ്ളാനുമായി സർക്കാർ.

കൂടുതൽ മാലിന്യം ഉത്പാദിക്കുന്ന ബൾക്ക് വേസ്റ്റ് ജനറേറ്റർ വിഭാഗത്തെ കർശനമായി നിരീക്ഷിക്കും. ഈ വിഭാഗത്തിലെ മാലിന്യമാണ് ഭൂരിഭാഗവും സംസ്കരിക്കാതെ മറ്റ് സ്ഥലങ്ങളിലും ജലാശയങ്ങളിലും ഉൾപ്പെടെ തള്ളുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വീടുകളിലെ മാലിന്യം പുറംതള്ളുന്നത് കാര്യമായി കുറഞ്ഞിട്ടുണ്ട്.

ആക്ഷൻ പ്ളാനിന്റെ ഭാഗമായി കൂടുതൽ സജ്ജീകരണം ഏർപ്പെടുത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കും.

ഇവരുടെ മാലിന്യ സംസ്കരണ രീതി എങ്ങനെയാണെന്ന് കണ്ടെത്തും. നൂറ് കിലോയിലധികം ജൈവ മാലിന്യമുണ്ടാകുന്ന കേന്ദ്രങ്ങൾ സ്വന്തമായി മാലിന്യ സംസ്കരണ യൂണിറ്റോ മറ്റ് സംവിധാനങ്ങളോ സജ്ജീകരിക്കണമെന്നാണ് ചട്ടം.

ഇതിന് സ്ഥല സൗകര്യമുള്ളവർ കൃത്യമായി ചെയ്യണം.

അല്ലാത്തവർ അംഗീകൃത ഏജൻസി മുഖേന മാത്രമേ മാലിന്യം കൈമാറാൻ പാടുള്ളൂ. അംഗീകൃത ഏജൻസിയാണോയെന്ന് തദ്ദേശ സ്ഥാപനം നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണം.

നിരീക്ഷിക്കുന്നത്

തദ്ദേശം സ്ഥാപനങ്ങൾ

#നൂറ് കിലോയിലധികം ജൈവ മാലിന്യമുണ്ടാകുന്ന കേന്ദ്രങ്ങളാണ് ബൾക്ക് വേസ്റ്റ് ജനറേറ്റേഴ്സ് വിഭാഗത്തിലുള്ളത്.ഫ്ളാറ്റുകൾ,വ്യാപാര കേന്ദ്രങ്ങൾ,സ്കൂളുകൾ,കോളേജുകൾ,ഐ.ടി കമ്പനികൾ,ഹോട്ടലുകൾ,ഓഡിറ്റോറിയം,ഷോപ്പിംഗ് കോംപ്ളക്സ്,ഹോസ്റ്റലുകൾ തുടങ്ങിയവയാണ് ഈ വിഭാഗത്തിലുള്ളത്. ഇവരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കും.

പരിശോധനയ്ക്ക് സ്ക്വാഡ്

#കൂടുതൽ മാലിന്യം ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക സ്ക്വാ‌ഡിനെ നിയോഗിക്കണം.

# ജീവനക്കാർ കുറവുള്ള തദ്ദേശസ്ഥാപനങ്ങളിൽ താത്കാലികമായോ കരാറടിസ്ഥാനത്തിലോ ആൾക്കാരെ നിയോഗിക്കാം.

# എല്ലാ മാസവും പരിശോധനയുടെ കൃത്യമായ റിപ്പോർട്ട് സമർപ്പിക്കണം.വീഴ്ച വരുത്തുന്ന ഏജൻസിയോ,സ്ഥാപനങ്ങളോയുണ്ടെങ്കിൽ പിഴയും നിയമ നടപടികളും സ്വീകരിക്കണം.

സംസ്കരണം

23% മാത്രം

സംസ്ഥാനത്ത് ദിനംപ്രതി 10000 ടൺ മാലിന്യമുണ്ടാകുന്നുവെന്നാണ് സർക്കാരിന്റെ കണക്ക്.

ഇതിൽ 7500ഓളം ടൺ ജൈവ മാലിന്യവും 2500 ടൺ അജൈവ മാലിന്യവുമാണ്.

വീടുകളും സ്ഥാപനങ്ങളുമുൾപ്പെടെ 70 ലക്ഷം വരുന്ന സ്ഥലങ്ങളിൽ സർവ്വേ നടത്തിയതിൽ 23 ശതമാനം മാലിന്യം മാത്രമേ സംസ്കരിക്കുന്നുള്ളൂ എന്നാണ് കണ്ടെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA