SignIn
Kerala Kaumudi Online
Sunday, 25 October 2026 3.28 AM IST

കെട്ടിട നികുതി അടയ്ക്കുന്നത് ഓൺ​ലൈനി​ൽ; 'സമ്മാനം' വാങ്ങിയെടുക്കാൻ ഉദ്യോഗസ്ഥർ

READ ENGLISH VERSION
jdjdjdj

കൊല്ലം: കെട്ടിടനി​കുതി​ പി​രി​വ് ഓൺ​ലൈനി​ലേക്കും ക്യാമ്പുകളി​ലേക്കും വഴി​മാറി​യ കാലത്തും വീടുകൾ കയറിയിറങ്ങി കെട്ടിടനികുതി പിരിക്കുന്നത് പ്രോത്സാഹി​പ്പി​ക്കാൻ ഏർപ്പെടുത്തിയിരുന്ന സമ്മാനത്തുക (റിവാർഡ്) വാങ്ങിയെടുത്ത് തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർ. പിരിവ് നൂറ് ശതമാനം പൂർത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ചുമതലക്കാരായ ഉദ്യോഗസ്ഥർക്ക് ഒരുമാസത്തെ അടിസ്ഥാന ശമ്പളമാണ് ഓരോ വർഷവും സമ്മാനത്തുകയായി നൽകുന്നത്. റി​സ്കൊന്നുമി​ല്ലാതെയാണ് ഉദ്യോഗസ്ഥർ റിവാർഡ് വാങ്ങിയെടുത്ത് ഖജനാവി​ന് നഷ്ടമുണ്ടാക്കുന്നത്.

ഓൺലൈനായും പഞ്ചായത്തിൽ നേരിട്ടും നികുതി അടയ്ക്കുന്നവരുണ്ട്. വായനശാലകൾ, അങ്കണവാടികൾ എന്നിവ കേന്ദ്രീകരിച്ചുള്ള ക്യാമ്പുകളിലൂടെയും നികുതി സമാഹരിക്കുന്നു. ശേഷിക്കുന്നത് ആശ പ്രവർത്തകരും പിരിക്കും. ഇക്കാലത്ത് നികുതി വീട്ടിൽവന്ന് പിരിക്കാറില്ലെന്ന് ചുരുക്കം. അടയ്ക്കാത്തവരുടെ നികുതി, സമ്മാനത്തുകയ്ക്കു വേണ്ടി സ്വന്തം കൈയിൽ നിന്ന് അടയ്ക്കുന്ന ഉദ്യോഗസ്ഥരുമുണ്ടത്രേ!.

എൽ.ഡി ക്ലാർക്കുമാർക്കാണ് ഓരോ വാർഡിലെയും നികുതി പിരിവിന്റെ ചുമതല. കൂടുതൽ വാർഡുകളുള്ള പഞ്ചായത്തുകളിൽ ഓഫീസ് അസിസ്റ്റന്റുമാർക്കും ചുമതലയുണ്ട്. ഉദ്യോഗസ്ഥർക്ക് ഒരുമാസത്തെ അടിസ്ഥാന ശമ്പളവും സെക്രട്ടറിക്ക് അടിസ്ഥാന ശമ്പളത്തിന്റെ പകുതിയുമാണ് സമ്മാനം. ശമ്പളം പോലെ തന്നെ സമ്മാനവും തനത് ഫണ്ടിൽ നിന്നാണ് നൽകുന്നത്. നികുതി പിരിവ് നൂറ് ശതമാനം പൂർത്തിയാക്കി ഡിമാൻഡ് കളക്ഷൻ ബാലൻസ് റിപ്പോർട്ട് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നൽകും. അതിന് പിന്നാലെ ഇന്റേണൽ വിജിലൻസ് ഓഫീസർ പരിശോധന നടത്തിയാണ് സമ്മാനത്തുകയ്ക്കുള്ള അനുമതി നൽകുന്നത്. മേൽനോട്ട ചുമതലയുള്ള പഞ്ചായത്ത് സെക്രട്ടറി 40,000- 50,000 രൂപ വരെ വർഷം സമ്മാനം വാങ്ങിയെടുക്കാറുണ്ട്.

സമ്മാനം ഓൺലൈൻ കാലത്തും

പ്രത്യേകം ബിൽ കളക്ടർമാരുണ്ടെങ്കിലും ഭൂരിപക്ഷം നഗരസഭകളും നൂറ് ശതമാനം കെട്ടിട നികുതി പിരിക്കാറില്ല. എന്നാൽ 70 ശതമാനത്തോളം പഞ്ചായത്തുകൾ നൂറ് ശതമാനം കെട്ടിട നികുതി പിരിക്കും. കെട്ടിട നികുതി പിരിവിന്റെ നോഡൽ ഓഫീസറായി അസി. സെക്രട്ടറിയെ ഏതാനും വർഷം മുമ്പ് ചുമതലപ്പെടുത്തി. നോഡൽ ഓഫീസർക്ക് നികുതിപിരിവിനുള്ള സമ്മാനമില്ല.

ആകെ പഞ്ചായത്തുകൾ: 941

നൂറ് ശതമാനം കെട്ടിട നികുതി പിരിക്കുന്നത്: 70 %
ഓൺലൈനായുള്ള കെട്ടിട നികുതി അടവ്: 35 %

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA