SignIn
Kerala Kaumudi Online
Friday, 23 October 2026 1.32 AM IST

ലഹരി വേരറുക്കാൻ അതിർത്തി കടന്ന് ദൗത്യം അഞ്ച് സംസ്ഥാനങ്ങളുമായി സഹകരിച്ച് ലക്ഷദ്വീപിലും ആൻഡമാനിലും ഓപ്പറേഷൻ

manoj

തിരുവനന്തപുരം: ലഹരിമാഫിയയെയും വിതരണശൃംഖലയും തകർക്കാനും രാസലഹരി നിർമ്മിക്കുന്നവരെ അകത്താക്കാനും 5 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി ചേർന്ന് കേരളത്തിന്റെ ഓപ്പറേഷൻ. തമിഴ്നാട്, കർണാടകം, പുതുച്ചേരി, ആന്ധ്രാപ്രദേശ്, തെലങ്കാന, ലക്ഷദ്വീപ്, ആൻഡമാൻ എന്നിവിടങ്ങളിലെ പൊലീസും എക്സൈസുമായി ചേർന്നാണിത്. രാസലഹരിയടക്കം കേരളത്തിലേക്കെത്തുന്നത് തടയുകയാണ് ലക്ഷ്യം. എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് ചുമതല.

ഒരാഴ്ചയ്ക്കിടെ ഇവിടങ്ങളിലെ 12വൻകിട ലഹരിവിതരണക്കാരെ ജയിലിലടച്ചു. നിരവധി കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി ലഹരിവസ്തുക്കൾ നശിപ്പിച്ചു. തമിഴ്നാട്ടിലെ സംഭരണകേന്ദ്രം വളഞ്ഞ് 128കിലോ കഞ്ചാവ് പിടികൂടി. ആന്ധ്രയിലെ എം.ഡി.എം.എ മൊത്തവ്യാപാരിയെ പിടികൂടി. ആൻഡമാനിലും ലഹരിവേട്ട നടത്തി. റെയിൽമാർഗമുള്ള കടത്ത് തടയാൻ ആർ.പി.എഫിനും റെയിൽവേ പൊലീസിനും നിർദ്ദേശം നൽകി.

ഫോൺചോർത്തിയും ലഹരിക്കേസ് പ്രതികളെ ചോദ്യംചെയ്തും ലഭിക്കുന്ന വിവരങ്ങൾ അന്യസംസ്ഥാന പൊലീസുകൾക്ക് കൈമാറും. അവർ തനിച്ചോ കേരളാപൊലീസുമായി ചേർന്നോ റെയ്ഡ് നടത്തും. ഇതിനായി ഉന്നത ഉദ്യോഗസ്ഥരടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പും രൂപീകരിച്ചു.

ലഹരി വരവ് കുറയ്ക്കുക ലക്ഷ്യം

1.അന്യസംസ്ഥാനങ്ങളിലെ വൻകിട-മൊത്തവ്യാപാരികളെയും വിതരണക്കാരെയും പിടികൂടിയാൽ കേരളത്തിലേക്കുള്ള ലഹരിവരവ് കുറയുമെന്ന് കണ്ടാണ് അതിർത്തി കടന്നുള്ള ഓപ്പറേഷൻ

2.മാവോയിസ്റ്റ് കേന്ദ്രത്തിൽ ഹാഷിഷ്ഓയിലുണ്ടാക്കി കേരളത്തിൽ വിതരണംചെയ്യുന്നയാളെ തമിഴ്നാട്ടിൽ നിന്ന് പിടികൂടിയതോടെ അതിന്റെ വരവ് കുറഞ്ഞു

3.ലഹരിക്കടത്തുകാരുടെ ഉൾപ്പെടെ ഡേറ്റാ ബേസുണ്ടാക്കി ലൊക്കേഷൻ വിവരങ്ങളടക്കം ശേഖരിച്ച് അന്യസംസ്ഥാനങ്ങൾക്ക് കൈമാറുന്നു

'ജാഗ്രത കടുപ്പിച്ചു'

ആന്ധ്രയിലും തെലങ്കാനയിലും ഒഡിഷയിലും കഞ്ചാവ് വിളവെടുപ്പ് സീസൺ അടുത്തതിനാൽ ജാഗ്രത കടുപ്പിച്ചതായി ജോയിന്റ് എക്സൈസ് കമ്മിഷണർ ബി.രാധാകൃഷ്ണൻ 'കേരളകൗമുദി'യോട് പറഞ്ഞു. മാവോയിസ്റ്റ് മേഖലകളിലാണ് തോട്ടങ്ങളേറെയും. രാസലഹരി നിർമ്മാണയൂണിറ്റുകളടക്കം ഇല്ലാതാക്കിയാൽ ലഹരിവരവ് കുറയും. അന്യസംസ്ഥാനങ്ങളിലെ ലഹരികേന്ദ്രങ്ങളിൽ പോയി എക്സൈസ് ഓപ്പറേഷനുകൾ ആരംഭിച്ചു.

''അന്യസംസ്ഥാനങ്ങളിലെ ലഹരിനിർമ്മാണ, വിതരണ ശൃംഖല തകർക്കും. ഗ്രാമങ്ങളിലടക്കം ലഹരിയെത്തുന്നത് ഇങ്ങനെയേ ഇല്ലാതാക്കാനാവൂ. അന്യസംസ്ഥാനങ്ങൾ കേരളവുമായി സഹകരിക്കുന്നുണ്ട്

-മനോജ്എബ്രഹാം

എ.ഡി.ജി.പി, ക്രമസമാധാനം

കേസുകൾ, അറസ്റ്റ്
കേസുകൾ...............................30310

അറസ്റ്റ്......................................27042

എം.ഡി.എം.എ........................3520ഗ്രാം

എൽ.എസ്.ഡി........................0.502ഗ്രാം

ഹാഷിഷ്ഓയിൽ.....................7740ഗ്രാം

ബ്രൗൺഷുഗർ........................264.8ഗ്രാം

ഹെറോയിൻ...........................964.3ഗ്രാം

ചരസ്......................................600.07ഗ്രാം

(2024-2025 ജനുവരിവരെ

എക്സൈസിന്റെ കണക്ക്)

പൊലീസ് പിടിച്ച

എം.ഡി.എം.എ

(കിലോയിൽ)

2022-------------14.032

2023-------------14.969

2024-------------24.71

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA