
കൊച്ചി: വാളയാർ പീഡനക്കേസിൽ മരിച്ച പെൺകുട്ടികളുടെ അമ്മയെയും അച്ഛനെയും പ്രതി ചേർത്തെന്ന് വിചാരണക്കോടതിയെ സി.ബി.ഐ അറിയിച്ചു. മാതാപിതാക്കളെ രണ്ടും മൂന്നും പ്രതികളാക്കിയാണ് കുറ്റപത്രം.
രജിസ്റ്റർ ചെയ്ത 9 കേസുകളിൽ ആറിലും മാതാപിതാക്കളെ പ്രതി ചേർത്തു. മൂന്നിൽ കൂടി പ്രതി ചേർക്കാനുള്ള നടപടികൾ തുടരുകയാണ്. ഇളയ കുട്ടിയുടെ അച്ഛനും മൂത്ത കുട്ടിയുടെ രണ്ടാനച്ഛനുമാണിയാൾ. ആത്മഹത്യാ പ്രേരണക്കുറ്റം ഉൾപ്പെടെ വകുപ്പുകളാണ് ചുമത്തിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ മാതാപിതാക്കൾ കൂട്ടുനിന്നെന്നാണ് കണ്ടെത്തൽ. ഇത് അംഗീകരിക്കണമെന്ന് പ്രാരംഭ വാദത്തിനിടെ പ്രത്യേക കോടതിയിൽ സി.ബി.ഐ അപേക്ഷിച്ചു. 25ന് വീണ്ടും പരിഗണിക്കും.
മക്കളുടെ മുന്നിൽ വച്ച് ഒന്നാം പ്രതി വലിയ മധു അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിരുന്നു. ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണ്. പിതാവിന്റെ മുന്നിൽ വച്ചും ഒന്നാം പ്രതി ലൈംഗികാതിക്രമങ്ങൾ നടത്തി.
13കാരിയായ മൂത്തകുട്ടിയെ 2017 ജനുവരി 13നും, 9 വയസായിരുന്ന ഇളയകുട്ടിയെ അതേ വർഷം മാർച്ച് നാലിനുമാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അട്ടപ്പള്ളം സ്വദേശി വലിയ മധു, ഇടുക്കി രാജാക്കാട് സ്വദേശി ഷിബു, പാമ്പാമ്പള്ളം സ്വദേശി എം. മധു (കുട്ടിമധു), 16 വയസുകാരൻ എന്നിവരാണ് പ്രതികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |