
കൊല്ലം: നവകേരള സൃഷ്ടിയും മൂന്നാം സർക്കാരുമാണ് പ്രധാനമെന്നും, പ്രതിനിധികളുയർത്തിയ വിഷയങ്ങളെല്ലാം തിരുത്തി മുന്നോട്ട് പോകാമെന്നും ചർച്ചകൾക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മറുപടി നൽകി. പാർട്ടി സമ്മേളനം നടത്തുന്നത് സ്വയം വിമർശനത്തിനും നവീകരണത്തിനുമാണ്. അപ്പോൾ ചർച്ചകളും വിമർശനങ്ങളുമുണ്ടാവും. അതൊരു നവീകരണ പ്രക്രിയയാണ്. വിമർശനങ്ങളെ ഗൗരവത്തോടെ കാണുന്നു. നമുക്ക് തിരുത്തി മുന്നോട്ട് പോകാമെന്ന ആമുഖത്തോടെയാണ് ഗോവിന്ദൻ പ്രസംഗം തുടങ്ങിയത്.
രണ്ടാം പിണറായി സർക്കാരിനും മുഖ്യമന്ത്രിക്ക് വിശേഷിച്ചും ഗുഡ് സർട്ടിഫിക്കറ്റ് നൽകിയപ്പോൾ മന്ത്രിമാരുടെ പ്രവർത്തനങ്ങൾക്കെതിരെ വിമർശനങ്ങളുണ്ടായി. ചിലരെ കമ്മ്യൂണിസ്റ്റ് മന്ത്രിയെന്ന് സ്റ്റിക്കർ ഒട്ടിക്കണമെന്നുവരെ ആക്ഷേപമുയർന്നു. പാർട്ടി സെക്രട്ടറിക്കെതിരെ പേരെടുത്ത് പറഞ്ഞുള്ള വിമർശനവുമുയർന്നു. ഇതെല്ലാം ക്രോഡീകരിച്ചായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി.
'പാർട്ടി സെക്രട്ടറിക്കെതിരെയും വിമർശനങ്ങളുണ്ടായി. അതെല്ലാം ആരോഗ്യകരമായിട്ടാണ് കാണുന്നത്. കാരണം ഇതിനുമുമ്പ് താൻ പാർട്ടി സെക്രട്ടറിയായിട്ടില്ലല്ലോ. വാക്കുകളിലും പ്രവൃത്തികളിലും പോരായ്മയുണ്ടെങ്കിൽ തിരുത്തും. പാർട്ടിയാണ് പ്രധാനം. അതുപോലെ എല്ലാവരും സ്വയം വിമർശനം നടത്തണം.
മോശം പ്രവണതകൾ കൂടുന്നുണ്ട്. അത് അനുവദിക്കാനാവില്ല. സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്താനുണ്ടാക്കിയ പാർട്ടിയാണിത്. നേതാക്കളുടെ ജീവിത നിലവാരം ഉയർന്നാൽ മാത്രം പോര. ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാവണം. അതിന് ബ്രാഞ്ച് മുതൽ പ്രവർത്തനം സുസജ്ജമാക്കണം. സാധാരണ മനുഷ്യരുടെ പ്രശ്‌നങ്ങളിലേക്ക് ഓരോ പാർട്ടി പ്രവർത്തകനും നേതാക്കളും ഇറങ്ങിച്ചെല്ലണം. എങ്കിലേ പാർട്ടിയിലേക്ക് ജനം അടുക്കുകയുള്ളൂ. നിലവിൽ സർക്കാരിന്റെ നില ഭദ്രമാണെങ്കിലും ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. വനം പരിസ്ഥിതി മേഖല സർക്കാരിന് ഒട്ടേറെ വിമർശനങ്ങളുണ്ടാക്കുന്നുണ്ട്. പൊലീസിന്റെ പ്രതിച്ഛായ നല്ലതെങ്കിലും കുറ്റകൃത്യങ്ങൾ പെരുകുന്നത് കണ്ടില്ലെന്ന് നടിക്കരുത്. മയക്കുമരുന്ന് വ്യാപനം അപാരമാണ്.
പാർട്ടി ചലിക്കേണ്ടത് മൂന്നാം സർക്കാരിലേക്ക്
ഭരണത്തുടർച്ചയെക്കുറിച്ച് ആവശ്യമായ ചർച്ചകളും തിരുത്തലുകളും പാർട്ടി കോൺഗ്രസിൽ നടക്കും. നേതാക്കൾക്ക് നൽകേണ്ട ഇളവുകളും അവിടെ തീരുമാനിക്കും. മുഖ്യമന്ത്രി സമ്മേളനത്തിൽ അവതരിപ്പിച്ച നവകേരളത്തെ നയിക്കാൻ പുതുവഴികൾ എന്ന നയരേഖയുമായാണ് ഇനിയുള്ള മുന്നോട്ട് പോക്ക്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സമൂഹത്തിനൊപ്പം പാർട്ടിയിലുമുണ്ടാവണം. തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെയുള്ള നിയമസഭാ തിരഞ്ഞെടുപ്പും പ്രധാനമാണ്. മൂന്നാം സർക്കാരെന്നത് യാതാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങളിലേക്കാവണം വരും ദിവസങ്ങളിൽ പാർട്ടിയും സർക്കാരും ചലിക്കേണ്ടതെന്നും ഗോവിന്ദൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |