SignIn
Kerala Kaumudi Online
Saturday, 24 October 2026 5.48 PM IST

കളമശേരി കഞ്ചാവ് കേസിൽ ആരോപണ പ്രത്യാരോപണവുമായി ഭരണ-പ്രതിപക്ഷം

READ ENGLISH VERSION
k

തിരുവനന്തപുരം; കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവുമായി വിദ്യാർത്ഥികൾ പിടിയിലായതോടെ കുറ്റം വിദ്യാർത്ഥി സംഘടനകൾക്കുമേൽ പരസ്പരം ആരോപിച്ച് നേതാക്കൾ.
എസ്.എഫ്.ഐ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അഭിരാജ് കേസിൽ അറസ്റ്റിലായതാണ് പ്രതിപക്ഷ ആരോപണത്തിന് ശക്തി പകർന്നതെങ്കിൽ, ഇന്നലെ അറസ്റ്റിലായ ആകാശ്, ഷാലിഖ്, ആഷിഖ് എന്നിവർ മുൻ കെ.എസ്‍.യു പ്രവർത്തകരാണെന്ന വാദമാണ് എസ്.എഫ്.ഐ ഉയർത്തുന്നത്. .അഭിരാജിനെ ഇന്നലെ എസ്.എഫ്.ഐ പുറത്താക്കിയിരുന്നു.

ലഹരി ഇടപടിന്റെ പേരിൽ എസ്.എഫ്.ഐയെ തകർക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസും എം.ബി.രാജേഷും ആരോപിച്ചിരുന്നു. ലഹരിയല്ല, എസ്.എഫ്.ഐയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നായിരുന്നു ആരോപണം.
എസ്.എഫ്.ഐ നേതാക്കൾ കഞ്ചാവുമായി പിടിയിലായാൽ പ്രതിപക്ഷം അതേക്കുറിച്ച് പറയണ്ടേ എന്ന ചോദ്യവുമായാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇതിനെ നേരിട്ടത്. ലഹരി വ്യാപകമാകുന്നതിന്റെ പ്രധാന കാരണം എസ്.എഫ്.ഐയിൽ ഉള്ളവരാണെന്നും എസ്.എഫ്.ഐ പിരിച്ചുവിടണമെന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.

അറസ്റ്റിലായ ആകാശ്, ഷാലിഖ്, ആഷിഖ് എന്നിവർ സജീവ കെ.എസ്‍.യു പ്രവർത്തകരാണെന്നും ഇവരെല്ലാം ഒരുമിച്ചിരിക്കുന്ന കെ.എസ്‍.യു യോഗത്തിന്റെ ഫോട്ടോയുണ്ടെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് പറഞ്ഞു. കാമ്പസിൽ കഞ്ചാവ് എത്തിച്ച ഷാലിഖ് കെ.എസ്.യു നേതാവാണെന്നും അന്തസും മാന്യതയുമുണ്ടെങ്കിൽ വി.ഡി.സതീശനും രമേശ് ചെന്നിത്തലയും നെറികെട്ട പണി അവസാനിപ്പിക്കണമെന്നുമായിരുന്നു എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ പ്രതികരണം.

`മയക്കുമരുന്നിനെതിരായി ഒറ്റക്കെട്ടായ മുന്നേറ്റമാണ് ആവശ്യം. ചിലരുടെ രാഷ്ട്രീയ താല്‍പര്യമനുസരിച്ച് എസ്.എഫ്.ഐയെ ഇല്ലാതാക്കിക്കളയാം എന്ന നീക്കമാണ് നടക്കുന്നത്.'
-മന്ത്രി മുഹമ്മദ് റിയാസ്

''പൂക്കോടും കോട്ടയത്തും ഉണ്ടായ സംഭവങ്ങൾ ഇതിന്റെ തുടർച്ചയാണ്. ലഹരി മാഫിയകൾക്ക് രാഷ്ട്രീയ രക്ഷാകർതൃത്വം ഉണ്ട് .അതുകൊണ്ടുതന്നെ പ്രതിപക്ഷം അതിനെ രാഷ്ട്രീയവത്ക്കരിക്കും.
-വി.ഡി.സതീശൻ
പ്രതിപക്ഷ നേതാവ്

''രാഷ്ട്രീയ സംരക്ഷണം ഉള്ളത് കൊണ്ടാണ് ലഹരി മാഫിയ കേരളത്തിൽ വ്യാപകമാകുന്നത്. ഒൻപത് വർഷം ഭരിച്ചിട്ടും ലഹരിയുടെ വേരറുക്കാൻ മുഖ്യമന്ത്രിക്ക് സാധിച്ചില്ല.
-രമേശ് ചെന്നിത്തല


`ജയിലിൽ കിടക്കുന്ന മൂന്നുപേരും കെ.എസ്.യു നേതാക്കളാണ്. തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ സുരേഷിന്റെ കൂടെ ഗുണ്ടാ നേതാവ് മരട് അനീഷ് നിൽക്കുന്ന ചിത്രങ്ങളുമുണ്ട്.
-പി.എസ് സഞ്ജീവ്
എസ്.എഫ്.ഐ

സംസ്ഥാന സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA