
ന്യൂഡൽഹി: സി.പി.എം 24-ാം പാർട്ടി കോൺഗ്രസിന് വേദിയാകുന്ന തമിഴ്നാട്ടിലെ മധുരയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. മധുരയിലെ തമുക്കം കൺവെൻഷൻ സെന്ററാണ് ഏപ്രിൽ 2 മുതൽ 6 വരെ രാജ്യമെമ്പാടുമുള്ള പാർട്ടി പ്രതിനിധികൾ പങ്കെടുക്കുന്ന പാർട്ടി കോൺഗ്രസിന്റെ മുഖ്യ വേദി.
കോൺഗ്രസിനോടുള്ള നയസമീപനം, സീതാറാം യെച്ചൂരിയുടെ പിൻഗാമിയായി പാർട്ടിയെ നയിക്കാനുള്ള പുതിയ ജനറൽ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ് തുടങ്ങിയവ പാർട്ടി കോൺഗ്രസിന്റെ പ്രധാന അജണ്ടകളിലുൾപ്പെടും. നിലവിലെ പി.ബി അംഗങ്ങളായ എം.എ. ബേബി, ബി.വി. രാഘവുലു, കേന്ദ്ര കമ്മിറ്റി അംഗം അശോക് ധാവ്‌ളെ എന്നിവരുടെ പേരുകളാണ് ജനറൽ സെക്രട്ടറി പദത്തിലേക്ക് പറഞ്ഞു കേൾക്കുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ ഒഴികെ കമ്മിറ്റികളിൽ മറ്റാർക്കും 75 വയസ് പ്രായ പരിധിയിൽ ഇളവു ലഭിച്ചേക്കില്ല. അതിനാൽ നിരവധി പുതുമുഖങ്ങൾ കമ്മിറ്റികളിൽ ഇടം നേടും. കേരളത്തിൽ അടക്കം ബി.ജെ.പി വളർച്ചയെ പ്രതിരോധിക്കാനും ദേശീയ തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനുമുള്ള ചർച്ചകളും പാർട്ടി കോൺഗ്രസിൽ പ്രതീക്ഷിക്കുന്നു.
ഏപ്രിൽ രണ്ടിന് രാവിലെ എട്ടു മണിക്കാണ് ഉദ്ഘാടന സെഷൻ. ഉച്ചയ്‌ക്ക് പ്രതിനിധി സമ്മേളനം തുടങ്ങും. ഏപ്രിൽ ആറിന് വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന റെഡ്‌ഫ്ളാഗ് മാർച്ചിനു ശേഷം മധുര വണ്ടിയൂർ റിംഗ് റോഡ് ജംഗ്ഷൻ ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ പാർട്ടി കോൺഗ്രസിന് കൊടിയിറങ്ങും. ഏപ്രിൽ മൂന്നിന് അഞ്ചുമണിക്ക് 'ഫെഡറലിസം ഇന്ത്യയുടെ ശക്തി' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കർണാടക മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ, സി.പി.എം കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് തുടങ്ങിയവർ പങ്കെടുക്കും. വൈകുന്നേരങ്ങളിൽ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. ഏപ്രിൽ നാലിന് വൈകുന്നേരത്തെ പരിപാടിയിൽ ചലച്ചിത്ര താരങ്ങളായ വിജയ് സേതുപതി, സമുദ്രക്കനി, സംവിധായകൻ വെട്രിമാരൻ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |