
കൊച്ചി: അപകീർത്തി കേസിൽ സി.പി.എം നേതാവ് പി.കെ. ശ്രീമതിയോട് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ പരസ്യമായി മാപ്പു പറഞ്ഞു. 2018 ജനുവരി 25ന് ചാനൽ ചർച്ചയിൽ പി.കെ. ശ്രീമതിക്കും കുടുംബത്തിനുമെതിരെ നടത്തിയ പരാമർശത്തെക്കുറിച്ചായിരുന്നു പരാതി. അപകീർത്തിക്കേസിൽ ഹൈക്കോടതിയിൽ ഹാജരായതിനു ശേഷമായിരുന്നു മാദ്ധ്യമങ്ങൾക്കു മുന്നിൽ ഗോപാലകൃഷ്ണന്റെ ഖേദപ്രകടനം.
പി.കെ. ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ, അവരുടെ മകനും കോടിയേരി ബാലകൃഷ്ണന്റെ മകനും ചേർന്ന് മരുന്നുകമ്പനി നടത്തിയെന്നും ഈ കമ്പനിക്ക് സർക്കാർ ആശുപത്രികളിൽ മരുന്നുവിതരണം ചെയ്യാനുള്ള കരാർ നൽകിയെന്നും ഗോപാലകൃഷ്ണൻ ചാനൽ ചർച്ചയിൽ ആരോപിച്ചിരുന്നു. തുടർന്ന് കണ്ണൂർ മജിസ്ട്രേട്ട് കോടതിയിൽ ശ്രീമതി കേസ് ഫയൽ ചെയ്തു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോപാലകൃഷ്ണൻ ഹൈക്കോടതിയിൽ ഹർജി നൽകി. ഹൈക്കോടതി നിർദ്ദേശപ്രകാരം ഒടുവിൽ ഇരുവരും മാധ്യസ്ഥ്യ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുകയായിരുന്നു.
ശ്രീമതിയുമായുണ്ടായിരുന്ന പ്രശ്നങ്ങൾ പറഞ്ഞു തീർത്തെന്നു ഗോപാലകൃഷ്ണൻ പറഞ്ഞു. ശ്രീമതിയുടെ മകനെതിരെ സംസാരിച്ചത് പി.ടി. തോമസ് സംസാരിച്ചതുകൊണ്ടാണെന്നും അതിന് കൃത്യമായ തെളിവില്ലെന്നു പിന്നീട് മനസ്സിലായെന്നും അതിനാലാണു ഖേദം പ്രകടിപ്പിച്ചതെന്നും അറിയിച്ചു. വസ്തുതകൾ മനസ്സിലാക്കാതെ വ്യക്തിപരമായി ചാനൽ ചർച്ചകളിൽ നടത്തുന്ന അധിക്ഷേപങ്ങൾ ഭൂഷണമല്ലെന്ന് ശ്രീമതി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |