
കൽപ്പറ്റ: ഒറ്റക്കെട്ടായാണ് നാടിന്റെ ദുരന്തത്തെ പരിഹരിക്കാനുള്ള നടപടികൾ കേരളം സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ടൗൺഷിപ്പ് തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് നിരുപാധികമായ പിന്തുണയാണ് പ്രതിപക്ഷം വാഗ്ദാനം ചെയ്തത്. സർക്കാരിന് എവിടെയാണ് ചെറിയ ചെറിയ തെറ്റുകൾ പറ്റുന്നതെന്ന് കണ്ടെത്താൻ സൂക്ഷ്മദർശിനിയുമായി പിന്നാലെ നടന്നിട്ടില്ലെന്ന് അഭിമാനത്തോടെ പറയുന്നു. ജൂലായ് മുപ്പതിനാണ് ദുരന്തമുണ്ടായത്. ഇപ്പോൾ എട്ടു മാസമായി. പുനരധിവാസത്തിൽ കാലതാമസമുണ്ടായിട്ടുണ്ട്. എട്ടു മാസമായി വാടകവീടുകളിൽ താമസിക്കുന്നവർ എങ്ങനെ ജീവിക്കുന്നു എന്നതുകൂടി നമ്മൾ അറിയണം. ഗുരുതരമായി പരിക്കേറ്റവരുടെ ചികിത്സാ സഹായം സംബന്ധിച്ച തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കപ്പെടുന്നില്ല. പരിക്കേറ്റവർ കടം വാങ്ങിയല്ല ചികിത്സ നടത്തേണ്ടത്. ഭക്ഷണ കൂപ്പണുകൾ വിതരണം ചെയ്യാനുള്ള തീരുമാനവും കൃത്യമായി നടപ്പാക്കണം. എല്ലാവർക്കും വാടക നൽകണം. എല്ലാ ദിവസവും 300 രൂപയെന്ന തീരുമാനവും നടപ്പാക്കാണം.
എല്ലാവർക്കും ഒരുമിച്ച് ജീവിക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. അതാണ് യാഥാർത്ഥ്യമാകുന്നത്. പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ച് പോയപ്പോൾ നമ്മൾ കരുതിയത് കേന്ദ്ര സഹായം ഉണ്ടാകുമെന്നാണ്. എന്നാൽ ഒരു സഹായം ഉണ്ടായില്ലെന്നത് സങ്കടകരവും പ്രതിഷേധാർഹവുമാണ്.
ടൗൺഷിപ്പിന് 20 കോടി
അനുവദിച്ച് കർണാടകം
വയനാട്: ദുരന്തബാധിതർക്ക് 100 വീടുകൾ നിർമ്മിക്കാനായി 20 കോടി രൂപ കർണാടക സർക്കാർ
അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പ് തറക്കല്ലിടൽ ചടങ്ങിൽ അറിയിച്ചു. ഡി.വൈ.എഫ്.ഐ (100 വീടുകൾ), നാഷണൽ സർവീസ് സ്കീം (10 കോടി) എന്നിവരുടെ വാഗ്ദാനങ്ങളും മുഖ്യമന്ത്രി സൂചിപ്പിച്ചു. രാഹുൽ ഗാന്ധി ഇടപെട്ടാണ് കർണാടകത്തിന്റെ സഹായം ലഭ്യമാക്കിയതെന്ന് വി.ഡി. സതീശൻ പറഞ്ഞു.
ടൗൺഷിപ്പ്: അർഹർ
പുറത്താകില്ലെന്ന്
മന്ത്രി രാജൻ
കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് പദ്ധതിയിൽ മുഴുവൻ ദുരന്തബാധിതരെയും ഉൾപ്പെടുത്തുമെന്ന് റവന്യൂമന്ത്രി കെ രാജൻ. ഉൾപ്പെടാനായി നിരവധിപേർ അപ്പീൽ നൽകിയിട്ടുണ്ട്. ഒന്നാംഘട്ട ലിസ്റ്റിലും രണ്ടാംഘട്ട എ ലിസ്റ്റിലുമുള്ളവരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. രണ്ടാംഘട്ട ബി ലിസ്റ്റ് ഉടൻ അന്തിമമാകും. അതിനുശേഷം അപ്പീലുകൾ കൂടി പരിഗണിക്കും. അർഹരായ ഒരാൾ പോലും പുറത്താകില്ല. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ അതിനും തയ്യാറാകും. ടൗൺഷിപ്പ് പദ്ധതി പുനരധിവാസത്തിന്റെ തുടക്കം മാത്രമാണ്. ദുരന്തം നേരിട്ടവരെ എല്ലാ അർത്ഥത്തിലും ചേർത്തുനിറുത്തും. കേരള ബാങ്ക് ചെയ്തപോലെ, വായ്പകൾ എഴുതിത്തള്ളാൻ മറ്റു ബാങ്കുകളും തയ്യാറാകണം. കേന്ദ്രം ഇതിന് നിർദ്ദേശിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |