
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ കഴിഞ്ഞതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഉപരിപഠന മേഖലയെക്കുറിച്ച് തീരുമാനമെടുക്കുന്ന സമയമാണിത്. പ്ലസ് ടുവിനുശേഷം എന്ത് പഠിക്കാനുദ്ദേശിക്കുന്നു എന്ന് വിലയിരുത്തി പത്താം ക്ലാസിനുശേഷം പ്ലസ് ടു കോമ്പിനേഷനുകൾ തെരഞ്ഞെടുക്കാം. വിദ്യാർത്ഥിയുടെ താത്‌പര്യം, അഭിരുചി, പഠിക്കാനുള്ള പ്രാപ്തി, ലക്ഷ്യം എന്നിവ വിലയിരുത്തണം. ആവശ്യമില്ലാത്ത വിഷയങ്ങളെടുത്ത് പ്ലസ് ടു പഠനഭാരം വർദ്ധിപ്പിക്കരുത്. ശരിയായ തീരുമാനമെടുക്കാൻ രക്ഷിതാക്കളും വിദ്യാർത്ഥികളും ശ്രമിക്കണം. ഇതിന് അദ്ധ്യാപകരുടെയും കരിയർ വിദഗ്ദ്ധരുടെയും സഹായം തേടാം. ഒരിക്കലും താത്‌പര്യമില്ലാത്ത വിഷയങ്ങളെടുക്കാൻ രക്ഷിതാക്കൾ നിർബന്ധിക്കരുത്.
കരുത്താർജ്ജിക്കുന്ന
മേഖലകൾ
ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഇ കോമേഴ്‌സ്, അഗ്രിബിസിനസ്, ഭക്ഷ്യസംസ്‌കരണം, കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഡെലിവറി ഡ്രോണുകൾ, ഡിജിറ്റലൈസേഷൻ, ഇലക്ട്രിക് വെഹിക്കിൾ ടെക്‌നോളജി, എനർജി, സുസ്ഥിര സാങ്കേതിക വിദ്യ, 6 ജി കണക്റ്റിവിറ്റി, സോളാർ ജിയോ എൻജിനിയറിംഗ്, ഡയറക്റ്റ് കാർബൺ ക്യാപ്ചർ, സൂപ്പർ സോണിക് എയർ ക്രാഫ്റ്റുകൾ, പ്രീഫാബ് കൺസ്ട്രക്ഷൻ, ഗ്രീൻ കൺസ്ട്രക്ഷൻ, കാലാവസ്ഥാ മാറ്റത്തിനിണങ്ങിയ ഭൗതിക സൗകര്യ വികസനം, 3 ഡി പ്രിന്റഡ് വീടുകൾ, ഹെൽത്ത് കെയർ ടെക്‌നോളജീസ്, ബയോമെഡിക്കൽ സയൻസ്, മോളിക്യൂലാർ ബയോളജി, ഹെൽത്ത് ജനറ്റിക്‌സ്, വ്യക്തിഗത മരുന്നുകൾ, ഹെൽത്ത് ട്രാക്കറുകൾ, വ്യക്തിഗത പോഷണം, സ്ലീപ് ടെക്‌നോളോജിസ്, അനിമേഷൻ, വിഷ്വൽ എഫക്ട്‌സ്, ഗെയിമിംഗ് ടെക്‌നോളജി, കോമിക്‌സ്, സൈക്കോളജി, ഡെവലപ്‌മെന്റൽ സയൻസ്, പാരിസ്ഥിതിക ശാസ്ത്രം, ബിസിനസ് എക്കണോമിക്‌സ്, കാലാവസ്ഥാ വ്യതിയാന പഠനം, ഇ-അക്കൗണ്ടിംഗ്, ബ്ലോക്ക് ചെയിൻ ടെക്‌നോളജി, സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ, എഡ്യൂക്കേഷണൽ ടെക്‌നോളോജിസ്, സ്‌പേസ് ടൂറിസം, ഗ്ലോബൽ എന്റർടൈൻമെന്റ് സ്ട്രീമിംഗ് എന്നിവ കരുത്താർജ്ജിക്കും.
പ്രവേശന പരീക്ഷകൾ
പ്ലസ് ടു ഏത് വിഷയം പഠിച്ചാലും എടുക്കാവുന്ന ബിരുദ പ്രോഗ്രാമുകളേറെയുണ്ട്. മാനേജ്‌മെന്റ്, ലോ, ഡിസൈൻ, ഹോസ്പിറ്റാലിറ്റി കോഴ്‌സുകൾ, ആർട്ട് ആൻഡ് ഡിസൈൻ മുതലായവ ഇവയിൽപ്പെടുന്നു. പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഏപ്രിൽ, മേയ് മാസങ്ങളിൽ പ്രവേശന പരീക്ഷകളേറെയുണ്ട്. കീം എൻജിനിയറിംഗ്, ഫാർമസി, ജെ.ഇ.ഇ മെയിൻ /അഡ്വാൻസ്ഡ്, നീറ്റ്, സി.യു.ഇ.ടി യു ജി മുതലായവ ഇവയിൽപ്പെടും.സിവിൽ സർവീസ് പരീക്ഷയെഴുതാൻ താത്‌പര്യമുള്ള വിദ്യാർത്ഥികൾ ഏറ്റവും ഇഷ്ടപ്പെടുന്ന വിഷയങ്ങൾ ബിരുദ പഠനത്തിന് തെരഞ്ഞെടുക്കണം. നാലു വർഷ ഓണേഴ്‌സ് ബിരുദത്തിന് ഏറെ പ്രത്യേകതകളുണ്ട്. താത്‌പര്യമുള്ള മൈനർ വിഷയങ്ങൾ കണ്ടെത്താം.മെഡിസിൻ, എൻജിനിയറിംഗ് പോലുള്ള പ്രൊഫഷണൽ കോഴ്‌സുകൾക്ക് താത്‌പര്യമുള്ളവർ ചിട്ടയോടെ പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കണം. വിദേശ പഠനത്തിന് തയാറെടുക്കുന്നവർ സാറ്റ്, ടോഫെൽ / ഐ.ഇ.എൽ.ടി.എസ് എന്നിവ വിജയകരമായി പൂർത്തിയാക്കണം. എൻജിനിയറിംഗിൽ താത്‌പര്യമുള്ളവർക്ക് പ്ലസ് ടു തലത്തിൽ ബയോളജി ഒഴിവാക്കാം. ബയോളജിയിൽ താത്‌പര്യമുള്ളവർക്ക് മാത്തമാറ്റിക്‌സ് ഒഴിവാക്കാം. സയൻസിൽ ഗവേഷണം നടത്താൻ താത്‌പര്യമുള്ളവർക്ക് ബയോ- മാത്‌സ് കോമ്പിനേഷനുകൾ നല്ലതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |