SignIn
Kerala Kaumudi Online
Thursday, 22 October 2026 6.45 PM IST

ജയിലിൽ സഹോദരങ്ങളുടെ ആക്രമണം: ഉദ്യോഗസ്ഥന് പരിക്ക്

v

കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതികളായ സഹോദരൻമാരുടെ ആക്രമണത്തിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസ‌‌ർക്ക് സാരമായി പരിക്കേറ്റു. സഹതടവുകാരെ മർദ്ദിച്ചെന്ന പരാതിയെ തുടർന്ന് ഇരുവരെയും സെല്ലിൽനിന്ന് ഗാർഡ് ഓഫീസിൽ കൊണ്ടുവന്നപ്പോഴായിരുന്നു ആക്രമണം. ഇന്നലെ ഉച്ചയ്ക്ക് 3.30നായിരുന്നു സംഭവം.

വലതുകൈയുടെ അസ്ഥി പൊട്ടിയ അസി. പ്രിസൺ ഓഫിസർ അഖിൽ മോഹനൻ (30) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് സ്റ്റേഷൻ അടിച്ച് തകർക്കുകയും പൊലീസ് ഡ്രൈവറെ ആക്രമിക്കുകയും ചെയ്തതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ അമ്പലമേട് കരിമുകൾ സ്വദേശികളായ അജിത്ത് ഗണേശനും (28), സഹോദരൻ അഖിൽ ഗണേശനുമാണ് (26) ആക്രമിച്ചത്. ഫെബ്രുവരിയിലാണ് ഇവരെ റിമാൻഡ് ചെയ്തത്.

എ ബ്ലോക്കിലെ സെല്ലിൽ ഇരുവരും ചേർന്ന് സഹതടവുകാരനായ ഷംനാദിനെ മർദ്ദിക്കുകയും മറ്റൊരു റിമാൻഡ് പ്രതിയായ മുഹമ്മദ് ഷായെ മൂക്കിലിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.

ഇത് ചോദിക്കാൻ ഗാർഡ് ഓഫീസിലേക്ക് വിളിപ്പിച്ചപ്പോൾ അജിത്ത് അക്രമാസക്തനായി. കൈവശമുണ്ടായിരുന്ന ബ്ലേഡ് കൊണ്ട് ദേഹമാസകലം മുറിവേൽപ്പിച്ചു. ഈ സമയം സെല്ലിലെ ഗ്രില്ലിൽ തലയടിച്ച് ബഹളമുണ്ടാക്കിയ അഖിലിനെയും ഇങ്ങോട്ടെത്തിച്ചു. ഇരുവരും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ അഖിൽ മോഹനൻ തടഞ്ഞു. പ്രതികളെ കീഴടക്കാനുള്ള ശ്രമത്തിനിടെ നിലത്ത് തെറിച്ച് വീണതിനെ തു‌ടർന്നാണ് കൈയ്ക്ക് പൊട്ടലേറ്റത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA