
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി യൂണിയൻ അക്കൗണ്ട്സ് കമ്മിറ്റിയിലെ മൂന്ന് സീറ്റുകളിലേക്ക് സെനറ്റിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അംഗങ്ങളുടെ വോട്ടുകളിൽ ചിലത് യു.ഡി.എഫ് സ്ഥാനാത്ഥിക്ക് ലഭിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചില്ലെങ്കിലും ഇടതു കേന്ദ്രങ്ങളെ ഇത് ഞെട്ടിച്ചു. മൂന്ന് സീറ്റുകളിലും വിജയിച്ചത് എൽ.ഡി.എഫ് അംഗങ്ങൾ.
യു.ഡി.എഫിന് 8 അംഗങ്ങൾ മാത്രമാണ് സെനറ്റിലുള്ളത്. 16 അംഗങ്ങളുള്ള ബി.ജെ.പി വോട്ടെടുപ്പ് ബഹിഷ്കരിച്ചു. എൽ.ഡി.എഫിന്റെ മൂന്നും യു.ഡി.എഫിന്റെ രണ്ടും സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥികളിലൊരാളായ പാങ്ങോട് മന്നാനിയ കോളേജിലെ ഡോ.ഹാഷിമിന് ഇടതിന്റെയടക്കം 14 ഒന്നാം വോട്ടുകൾ കിട്ടി. ഇടതിന്റെ രണ്ട് സെക്കൻഡ് വോട്ടും. ജയിക്കാൻ വേണ്ടത് 18 വോട്ടുകൾ.
എൽ.ഡി.എഫിലെ ഫിറോസ് ഖാൻ, പി.അജി, ജ്യോത്സന എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. 68പേരാണ് വോട്ട് ചെയ്തത്. വി.സി വോട്ട് ചെയ്തില്ല. മുമ്പ് നടന്ന സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിലും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് 9 വോട്ട് ലഭിച്ചിരുന്നു.
സെനറ്റ് യോഗത്തിൽ ബഹളം
സെനറ്റ് യോഗത്തിൽ ഭരണ, പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ ബഹളം. വി.സി ഡോ.മോഹനൻ കുന്നുമ്മേലിന്റെ അദ്ധ്യക്ഷതയിൽ രാവിലെ എട്ടരയ്ക്ക് യോഗം തുടങ്ങിയപ്പോൾ ചോദ്യോത്തര വേളയിൽ ഉപചോദ്യം ചോദിക്കാൻ പ്രതിപക്ഷം ആവശ്യമുന്നയിച്ചു. ഇത് കഴിയില്ലെന്ന് ഇടത് സിൻഡിക്കേറ്റംഗങ്ങൾ നിലപാടെടുത്തു. ഇതോടെ ബഹളമായി. ഉപചോദ്യം ആകാമെന്ന് വി.സി റൂളിംഗ് നൽകി.
അടിയന്തര പ്രമേയ നോട്ടീസുകൾ സാങ്കേതികത്വം പറഞ്ഞ് തള്ളി. നിയമസഭ പാസാക്കിയ സർവകലാശാലാ നിയമ ഭേദഗതിയിൽ ആശങ്ക രേഖപ്പെടുത്തുന്ന പ്രതിപക്ഷ പ്രമേയവും പരിഗണിച്ചില്ല. സർവകലാശാലയുടെ ഓഡിറ്റ് റിപ്പോർട്ടുകളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷം എതിർത്തു. അംഗങ്ങളുടെ സ്വകാര്യ പ്രമേയങ്ങളും മാറ്റിവച്ചു. കാർഷിക സർവകലാശാല ജനറൽ കൗൺസിലിലേക്ക് ചെമ്പഴന്തി എസ്.എൻ കോളേജിലെ ഡോ.സോജുവിനെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |