
തിരുവനന്തപുരം: ഉന്നത ബിരുദങ്ങൾ നേടിയ പതിനായിരക്കണക്കിന് ചെറുപ്പക്കാർ ജോലിക്ക് കാത്തിരിക്കെ, സർവകലാശാലകളിൽ രാഷ്ട്രീയചായ്‌വുള്ള 4000പേരെ താത്കാലികമായി നിയമിക്കുന്നു. ഒഴിവുകൾ പി.എസ്.സിയെ അറിയിക്കാതെ, വേണ്ടപ്പെട്ടവരെ 30,000രൂപ ശമ്പളത്തിലാണ് നിയമിക്കുന്നത്.
ആറു മാസം കൂടുമ്പോൾ കരാർ പുതുക്കി വർഷങ്ങളായി തുടരുന്നവരാണിവർ. പരീക്ഷാനടത്തിപ്പ്, ചോദ്യപേപ്പറുകളുടെ കൈകാര്യം, മാർക്ക് എൻട്രി, മൂല്യനിർണയത്തിന് ഉത്തരക്കടലാസ് അയയ്ക്കൽ അടക്കം സുപ്രധാന ചുമതലകളിൽ താത്കാലികക്കാരെ നിയോഗിച്ചിട്ടുണ്ട്. സാങ്കേതിക സർവകലാശാല 2എ.സി ബസുകളിലാണ് ഇവരെ
എത്തിക്കുന്നത്.
അനദ്ധ്യാപക നിയമനങ്ങൾ 2014ൽ പി.എസ്.സിക്ക് വിട്ടതാണെങ്കിലും സ്പെഷ്യൽ റൂളുണ്ടാക്കാതെ സ്ഥിരം നിയമനം അട്ടിമറിക്കുകയാണ്. 40ലേറെ തസ്തികകളുള്ള സർവകലാശാലകളിലെ എട്ടെണ്ണത്തിൽ മാത്രമാണ് സ്പെഷ്യൽ റൂളുണ്ടാക്കിയത്. അതിനാൽ പി.എസ്.സിക്ക് നിയമനം നടത്താനാവില്ല. പുതിയ സർവകലാശാലകളിൽ ഇപ്പോൾ സ്ഥിരം തസ്തികകൾ അനുവദിക്കാറില്ല. പകരം താത്കാലികക്കാരെ നിയമിക്കാൻ അനുമതി നൽകുകയാണ് സർക്കാർ. എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചുകളിൽ നിന്നാവണം താത്കാലിക നിയമനമെന്ന ചട്ടവും പാലിക്കുന്നില്ല. കേരളയിൽ സാങ്കേതിക തസ്തികകളിലും താത്കാലികക്കാരാണ്.
ഇ-ഓഫീസ് നടപ്പാക്കിയതിന്റെ മറവിൽ കാർഷിക സർവകലാശാലയിൽ 213തസ്തികകൾ റദ്ദാക്കിയിരുന്നു. പി.എസ്.സി റാങ്ക്പട്ടികയുള്ള 5ഡ്രൈവർ തസ്തികയും റദ്ദാക്കിയതിൽപ്പെടും.അവിടെ 63ഡ്രൈവർമാർ താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുമുണ്ട്. സാങ്കേതിക സർവകലാശാലയിൽ മറ്റ് സർവകലാശാലകളിൽ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയവരൊഴികെ എല്ലാവരും താത്കാലികക്കാരാണ്. അവിടെ താത്കാലികക്കാരുടെ ശമ്പളത്തിന് 9.25കോടി ചെലവിട്ടത് ക്രമവിരുദ്ധമായാണെന്ന് സി.എ.ജി കണ്ടെത്തിയിരുന്നു. ഓപ്പൺ, ഡിജിറ്റൽ, മലയാളം സർവകലാശാലകളിലും താത്കാലികക്കാരേയുള്ളൂ.
6000
സ്ഥിരം തസ്തികകളാണ് സർവകലാശാലകളിലുള്ളത്. ഇതിനുപുറമെയാണ് 4000താത്കാലികക്കാരെ നിയമിച്ചിട്ടുള്ളത്.
താത്കാലികക്കാർ
ഇങ്ങനെ
കേരള-----------971
എം.ജി-----------328
കാലിക്കറ്റ്------704
കണ്ണൂർ----------359
കുസാറ്റ്---------511
സംസ്കൃതം-------261
മലയാളം---------84
സാങ്കേതികം---95
ഓപ്പൺ-----------109
(കാർഷികം,ഫിഷറീസ്, വെറ്ററിനറി,
നിയമ വാഴ്സിറ്റികളിൽ 500ലേറെപ്പേരുണ്ട്)
എംപ്ലോയ്മെന്റ് വഴി
നിയമിച്ചവർ
എം.ജി--------71
കണ്ണൂർ-------68
സംസ്കൃതം---03
നിയമനം നടത്തുന്നത് സിൻഡിക്കേറ്റ്
താത്കാലികക്കാരെ കരാർ, ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നത് സിൻഡിക്കേറ്റംഗങ്ങൾ നേരിട്ടാണ്. രാഷ്ട്രീയാഭിമുഖ്യം മാത്രം പരിഗണിക്കും
സാങ്കേതികസർവകലാശാലയിലെ 95താത്കാലികക്കാരിൽ ഭൂരിഭാഗവും കാട്ടാക്കട മേഖലയിൽ നിന്നുള്ളവരാണ്. ഒരു സിൻഡിക്കേറ്റംഗമാണ് നിയമനങ്ങൾക്ക് പിന്നിൽ.
''ഇത്തരം നിയമനങ്ങൾ ചട്ടവിരുദ്ധമാണ്. ഘട്ടംഘട്ടമായി താത്കാലികക്കാരെ ഒഴിവാക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നാവും ഇനിയുള്ള നിയമനങ്ങൾ''
-ഡോ.കെ.ശിവപ്രസാദ്
വി.സി, സാങ്കേതിക വാഴ്സിറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |