SignIn
Kerala Kaumudi Online
Thursday, 22 October 2026 7.52 PM IST

 കോടതി ഫീസ് വർദ്ധന:.... സർക്കാർ വിശദീകരണം തേടി ഹൈക്കോടതി

e

കൊച്ചി: കോടതി ഫീസ് വർദ്ധിപ്പിച്ചതിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് നടപടി. ഹർജിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കണം. ഫീസ് വർദ്ധനവിനാസ്പദമായ ജസ്റ്റിസ്‌ വി.കെ. മോഹനൻ കമ്മിറ്റി റിപ്പോർട്ടടക്കമുള്ള രേഖകൾ ഹാജരാക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

റിപ്പോർട്ടുകൾ മുദ്രവച്ച കവറിൽ ഹാജരാക്കാമെന്ന സർക്കാരിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. മതിയായ കാരണമില്ലാതെയാണ് കോടതി ഫീസ് വർദ്ധിപ്പിച്ചതെന്ന് ഹർജിക്കാർക്കായി അഡ്വ. യശ്വന്ത് ഷേണായ് വാദിച്ചു. കുറഞ്ഞ വർദ്ധന 400 ശതമാനമാണ്. സാധാരണക്കാർക്കിത് താങ്ങാനാകില്ല. കോടതികളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താനും മറ്റും തുക വിനിയോഗിക്കുമെന്ന സർക്കാർ വാദം വിശ്വസനീയമല്ല. ഫീസ് വർദ്ധന സ്റ്റേചെയ്ത് ഇടക്കാല ഉത്തരവുണ്ടാകണമെന്നും, കേരള കോർട്ട് ഫീസ് ആൻഡ് സ്യൂട്ട് വാല്വേഷൻ ആക്ട് ഭേദഗതി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

എന്നാൽ നിയമസഭ പാസാക്കിയ നിയമപ്രകാരമാണ് ഫീസ് വർദ്ധനയെന്ന് ഡിവിഷൻബെഞ്ച് പറഞ്ഞു. അതിനാൽ സർക്കാരിന്റേതടക്കം വിശദവാദം കേൾക്കേണ്ടതുണ്ട്. വർദ്ധന മുൻ നിരക്കുമായി താരതമ്യം ചെയ്യണമെന്നും കോടതി വ്യക്തമാക്കി. ഹർജി മേയ്‌ 23ന് വാദം കേൾക്കാൻ മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA