
തിരുവനന്തപുരം: രാജ്യത്തിന്റെ ദക്ഷിണ അതിർത്തിയിലുള്ള കേരളത്തിന്റെ കടലിലും ആകാശത്തും സേനകൾ അതീവജാഗ്രതയിലാണ്. തിരുവനന്തപുരം ആസ്ഥാനമായ ദക്ഷിണവ്യോമകമാൻഡ്, പാങ്ങോട് സൈനിക കേന്ദ്രം, കൊച്ചിയിലെ നാവികസേനാകേന്ദ്രം, തീരസംരക്ഷണ സേന എന്നിവയെല്ലാം കരുതലെടുത്തിട്ടുണ്ട്.
ദക്ഷിണേന്ത്യയിലാകെയും ആൻഡമാനിലെയും ലക്ഷദ്വീപിലെയും വ്യോമ ഓപ്പറേഷനുകൾ നിയന്ത്രിക്കുന്നത് തിരുവനന്തപുരത്തെ ദക്ഷിണവ്യോമകമാൻഡാണ്. ബംഗളുരു, ബീദർ, ഡിണ്ടിക്കൽ, ഹകിംപെട്ട്, താംബരം, ബെഗുംപെട്ട്, പോർട്ട്ബ്ലെയർ, കാർനിക്കോബാർ, മധുര,സുളൂർ എയർബേസുകളുടെ നിയന്ത്രണവും ഇവിടെയാണ്. വ്യോമാക്രമണം പ്രതിരോധിക്കാൻ എയ്‌റോസാറ്റ് റഡാർ വ്യോമസേന സജ്ജമാക്കിയിട്ടുണ്ട്. രാത്രിയിലും അതിസൂക്ഷ്മ നിരീക്ഷണത്തിനുള്ള സംവിധാനമാണിത്. ദൂരപരിധിയേറിയ ബുള്ളറ്റ് ക്യാമറകളുമുണ്ട്. വിമാനത്താവളങ്ങൾക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിലെ റഡാറിന് പുറമെ ഉപഗ്രഹാധിഷ്‌ഠിത ഓട്ടോമാറ്റിക് ഡിപ്പന്റൻഡ് സർവൈലൻസ് ബ്രോഡ്കാസ്‌റ്റ്(എ.ഡി.എസ്-ബി) സംവിധാനം സജ്ജമാക്കി. ദക്ഷിണമേഖലയിലാകെയുള്ള വിമാനങ്ങളുടെയും വേഗത, സ്ഥാനമടക്കം വിവരങ്ങൾ ലഭ്യമാവും.
കടലിൽ നാവിക, തീരസംരക്ഷണ സേനകൾ ജാഗ്രതയിലാണ്. മുംബയ് ഭീകരാക്രമണത്തിന് തീവ്രവാദികൾ പാകിസ്ഥാനിൽ നിന്നെത്തിയത് കടൽമാർഗ്ഗമായതിനാൽ ഇരുസേനകളുടെയും വിമാനങ്ങളും ഹെലികോപ്ടറുകളും നിരീക്ഷണപ്പറക്കൽ നടത്തുന്നുണ്ട്.
സുരക്ഷാഭീഷണി
26കേന്ദ്രങ്ങൾക്ക്
കേരളത്തിൽ തിരുവനന്തപുരം വി.എസ്.എസ്.സിയും മട്ടാഞ്ചേരി ജൂതത്തെരുവും അടക്കം 26കേന്ദ്രങ്ങൾ പാക് ഭീകര സംഘടനകളിൽ നിന്ന് സുരക്ഷാഭീഷണി നേരിടുന്നതായി കണ്ടെത്തിയിരുന്നു.
മുല്ലപ്പെരിയാർ, ലോവർപെരിയാർ, ഇടുക്കി ഡാം, കരിമണൽ പവർഹൗസ്,ശബരിഗിരി ജലവൈദ്യുതി നിലയം, തുടങ്ങിയവ പട്ടികയിലുണ്ട്.
മുല്ലപ്പെരിയാറിന് പാക് തീവ്രവാദികളുടെ ഭീഷണിയുണ്ടെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വി.എസ്.എസ്.സിക്കടക്കം സി.ഐ.എസ്.എഫ് സുരക്ഷയാണ്.
ആകാശത്ത് നിരീക്ഷണവലയം
തിരുവനന്തപുരം വ്യോമകമാൻഡിൽ വ്യോമാക്രമണ പ്രതിരോധ സംവിധാനം
വിമാനത്താവളത്തിൽ ഉപഗ്രഹാധിഷ്ഠിത നിരീക്ഷണ റഡാർ
വ്യോമാതിർത്തിയിലെത്തും മുൻപേ വിമാനങ്ങൾ ഇതിന്റെ നിരീക്ഷണവലയത്തിലാവും
സ്ഥാനം, വേഗത കിറുകൃത്യമായി ഓരോ അരസെക്കൻഡിലും സിഗ്നലായി ലഭിച്ചുകൊണ്ടിരിക്കും.
വ്യോമപാത വ്യതിചലിക്കുന്ന വിമാനങ്ങൾ അറിയാം, റഡാറിൽ നിന്ന് അപ്രത്യക്ഷമാവില്ല
അയൽപക്കവും
നിരീക്ഷണത്തിൽ
തിരുവനന്തപുരത്തു നിന്ന് 380.19കിലോമീറ്റർ മാത്രം അകലെയുള്ള കൊളംബോയിൽ പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ സാന്നിദ്ധ്യമുണ്ട്. തമിഴ്നാട്ടിലെ കൊടിയക്കാരൈ തുറമുഖം വഴി ഐ.എസ്.ഐ ആയുധമെത്തിക്കുന്നെന്ന് കണ്ടെത്തിയിരുന്നു.
പാകിസ്ഥാനുമായും ചൈനയുമായും അടുത്ത ബന്ധമുള്ള മാലദ്വീപിൽ നിന്ന് മുക്കാൽ മണിക്കൂർ പറന്നാൽ ഇവിടെത്താം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |