
തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന" കേസ് അട്ടിമറിയെക്കുറിച്ചുള്ള എസ്.ഐ.ടി റിപ്പോർട്ട് പൊലീസ് ആസ്ഥാനത്ത് പൂഴ്‌ത്തി. രണ്ടാഴ്ച മുൻപ് ഡി.ജി.പിക്ക് എസ്.ഐ.ടി കൈമാറിയ റിപ്പോർട്ടിൽ തുടർനടപടികളില്ല. കേസ് തെളിവില്ലെന്ന് കാട്ടി അവസാനിപ്പിക്കാൻ ആലപ്പുഴ എസ്.പിയായിരുന്ന ചൈത്രാതെരേസാ ജോണിന്, എ.ഡി.ജി.പി എം.ആർ.അജിത്കുമാർ അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ സഹിതമായിരുന്നു എസ്.ഐ.ടി റിപ്പോർട്ട്.
എ.ഡി.ജി.പി അയച്ച സന്ദേശമെന്ന് ചൂണ്ടിക്കാട്ടി ചേർത്തല ഡിവൈ.എസ്.പിക്ക് ചൈത്ര ഇത് ഫോർവേഡ് ചെയ്തിരുന്നു. ആദ്യ അന്വേഷണസംഘത്തെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയ ദിവസം, രാവിലെ 11മുതൽ വൈകിട്ട് നാലുവരെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ഓഫീസിൽ അവരുമായി കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തിയിരുന്നു. കേസ് ഡയറിയും സുപ്രധാന മൊഴികളുമടക്കം തിരുത്തി തെളിവില്ലെന്ന് വരുത്താൻ എ.ഡി.ജി.പി നേരിട്ട് നിർദ്ദേശിച്ചെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. മുതിർന്ന ഉദ്യോഗസ്ഥനായതിനാൽ നടപടിക്ക് ശുപാർശ ചെയ്യാൻ എസ്.ഐ.ടിക്ക് കഴിയില്ല. പൊലീസ് മേധാവിയാണ് ഇതിനുള്ള ശുപാർശ സർക്കാരിന് കൈമാറേണ്ടത്. വധശ്രമക്കേസ് അട്ടിമറിച്ചതിന് അജിത്തിനെതിരേ കേസെടുത്ത് സസ്പെൻഡ് ചെയ്യാനുള്ള വകുപ്പുണ്ട്. പക്ഷേ, ഈമാസം അവസാനം ഫയർഫോഴ്സ് മേധാവി നിതിൻഅഗർവാൾ വിരമിക്കുമ്പോൾ അജിത്കുമാറിന് ഡി.ജി.പി റാങ്ക് ലഭിക്കേണ്ടതാണ്. അന്വേഷണമോ കേസോ ഉണ്ടെങ്കിൽ ഇത് ലഭിക്കില്ല. അതിനാലാണ് റിപ്പോർട്ടിൽ തുടർനടപടിയില്ലാത്തതെന്നാണ് സൂചന. നിലവിൽ ബിവറേജസ് കോർപറേഷൻ ചെയർമാനാണ് അജിത്കുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |