
കൊച്ചി: തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിലെ കള്ളപ്പണക്കേസിൽ സി.പി.എം കോടതിയിൽ നിന്ന് ജാമ്യമെടുത്തു. കേസിൽ 68-ാം പ്രതിയായ പാർട്ടിയെ പ്രതിനിധീകരിച്ച് തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദറാണ് കൊച്ചിയിലെ പി.എം.എൽ.എ കോടതിയിൽ ഹാജരായത്. ജില്ലാ സെക്രട്ടറി തന്നെ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.
ഇ.ഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ 28 പ്രതികളാണുള്ളത്. പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ടെന്ന് വിലയിരുത്തിയ കോടതി, ഇവരെല്ലാം വിചാരണ നേരിടണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി നേരത്തെ സമൻസയച്ചിരുന്നെങ്കിലും സി.പി.എമ്മിനെ പ്രതിനിധീകരിച്ച് ആരും എത്തിയിരുന്നില്ല.കഴിഞ്ഞ തവണ എത്താതിരുന്ന 11 പ്രതികളും ഇന്നലെ ഹാജരായി ജാമ്യം നേടി. കെ. രാധാകൃഷ്ണൻ എം.പി, എ.സി. മൊയ്തീൻ എം.എൽ.എ, മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് തുടങ്ങിയവർ ഈ മാസം നാലിന് ജാമ്യമെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |