
ആലപ്പുഴ: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം ദുരൂഹത കൂട്ടുന്നതാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴ വലിയ ചുടുകാട്ടിൽ വി.എസ്.അച്യുതാനന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ പൊതു സ്വത്താണ് വിഴിഞ്ഞം തുറമുഖം. നടത്തിപ്പ് ചുമതല മാത്രമാണ് അദാനിക്കുള്ളതെന്നിരിക്കെ, തുറമുഖത്തിന്റെ 45 ശതമാനത്തിലധികം ഷെയർ മറ്രൊരു കമ്പനിക്ക് നൽകാനും ഇക്കാര്യം കേന്ദ്ര ഏജൻസിയെ അറിയിക്കാനും എവിടെ നിന്നാണ് അദാനിക്ക് ധൈര്യം കിട്ടിയത്.
എവിടെയാണ് സുതാര്യത മാഞ്ഞുപോകുന്നത്. ആരോഗ്യ, വിദ്യാഭ്യാസ , വൈദ്യുതി മേഖലകളെല്ലാം സ്വകാര്യവത്കരിക്കാനാണ് ശ്രമം. ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച വി.എസ്. അച്യുതാനന്ദന്റെ സ്മരണകളും പോരാട്ട വീര്യവും അതിനുളള ഊർജമേകും. വിട്ടുപിരിഞ്ഞശേഷവും അദ്ദേഹം ഇവിടെ എവിടെയൊക്കെയോ ഉണ്ടെന്ന പ്രതീതിയാണ്. നാടുമായും നാട്ടുകാരുമായും ഇഴുകി ചേരുന്നതായിരുന്നു ആ ജീവിതം. സി.പി.എമ്മിനെ, പിളർപ്പന്മാരുടെ പാർട്ടിയെന്ന് ആക്ഷേപിച്ചപ്പോൾ പാർട്ടിയെ പോറലേൽക്കാതെ നിലനിറുത്താൻ അനിതര സാധാരണമായ നേതൃഗുണം കാട്ടി.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, നേതാക്കളായ സി.എസ് സുജാത, കെ.പ്രസാദ്, സി.ബി ചന്ദ്രബാബു, എ. മഹേന്ദ്രൻ, എച്ച്.സലാം, കെ.ജി മഹേശ്വരി തുടങ്ങിയവർ സംസാരിച്ചു.
വി.എസിന്റെ വീട്ടിലെത്തി
വി.എസ് അച്യുതാനന്ദന്റെ അനുസ്മരണ ദിനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വി.എസ് അച്യുതാനന്ദന്റെ വസതിയായ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തി. ഇന്നലെ വൈകിട്ട് എത്തിയ പിണറായി വിജയൻ, വീട്ടിൽ സ്ഥാപിച്ച വി.എസിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. വി.എസിന്റെ ഭാര്യ കെ.വസുമതി, മകൻ വി.എ.അരുൺകുമാർ എന്നിവരുമായി സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |