
കൊച്ചി: വാഗമൺ സിമി തീവ്രവാദ പരിശീലന ക്യാമ്പ് കേസിലെ പ്രതിയായ മുംബയ് സ്വദേശി അബ്ദുൽ സുബ്ഹാൻ ഖുറേഷിയെ (55) ഏഴു വർഷം കഠിനതടവിന് വിധിച്ചു. കൊച്ചിയിലെ എൻ.ഐ.എ പ്രത്യേക കോടതി ജഡ്ജി ഹഫീസ് മുഹമ്മദിന്റേതാണ് ഉത്തരവ്. വിവിധ വകുപ്പുകളിലായി 25 വർഷം തടവും 75,000 രൂപ പിഴയുമാണ് വിധിച്ചതെങ്കിലും ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.രാജ്യത്തിനെതിരായ യുദ്ധത്തിനുള്ള ഗൂഢാലോചന, ആയുധ പരിശീലനം നൽകുക, സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുക തുടങ്ങിയവയാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഒഫ് ഇന്ത്യ (സിമി) 2007ഡിസംബറിലാണ് വാഗമൺ തങ്ങൾപാറയിൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. സോഫ്റ്റ്‌വെയർ എൻജിനിയറായ അബ്ദുൽ സുബ്ഹാൻ ഖുറേഷി കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. 2007 നവംബറിൽ മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് ക്യാമ്പിനായുള്ള ഗൂഢാലോചന നടന്നതെന്ന് എൻ.ഐ.എ കണ്ടെത്തിയിരുന്നു. തുടർന്ന് ഡിസംബർ 10 മുതൽ 12 വരെ വാഗമണ്ണിൽ ബോംബ് നിർമ്മാണം, വെടിവയ്‌പ്, മോട്ടോർ ബൈക്ക് റേസിംഗ് തുടങ്ങിയവയിൽ പരിശീലനം നൽകി. കേസിൽ നേരത്തേ 18 പേരെ കോടതി ശിക്ഷിച്ചിരുന്നു. ഒളിവിലായിരുന്ന ഖുറേഷിയെ 2018ലാണ് പിടികൂടിയത്. കേസിലെ രണ്ടാം പ്രതി ഉത്തർപ്രദേശ് സ്വദേശി വാസിഖ് ബില്ല ഇപ്പോഴും ഒളിവിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |