
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയിലെ 800 മെഗാവാട്ടിൻ്റെ എക്സ്റ്റൻഷൻ സ്കീമിന്റെ വിശദ പദ്ധതി രേഖ (ഡി.പി.ആർ) വൈകും. ഡി.പി.ആർ സമർപ്പിക്കുന്നതിനുള്ള കാലാവധി കെ.എസ്.ഇബി വീണ്ടും നീട്ടി നൽകി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാപ്കോസ് ലിമിറ്റഡിനെയാണ് സാദ്ധ്യതാ പഠനം, ഡി.പി.ആർ, നിയമാനുസൃത അനുമതി നേടൽ, കരാറുകാരനെ തിരഞ്ഞെടുക്കാനുള്ള ബിഡ് തയ്യാറാക്കൽ എന്നീ ചുമതലകൾ ഏല്പിച്ചിരിക്കുന്നത്. 2020 സെപ്തംബർ 3ന് 8.90 കോടി രൂപയ്ക്കാണ് കരാർ നൽകിയത്. പല തവണ നീട്ടിയ കാലാവധിയാണ് ഇപ്പോൾ 2027 മാർച്ച് 31 വരെ ദീർഘിപ്പിച്ചത്. സെൻട്രൽ ഇലക്ട്രിസിറ്റി അതോറിട്ടി, കേന്ദ്ര ജല കമ്മിഷൻ,കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം എന്നിവ ആവശ്യപ്പെട്ട അധിക വിവരങ്ങൾ, പഠനങ്ങൾ, പ്രീ-ഡി.പി.ആർ ക്ലിയറൻസുകൾ എന്നിവ മൂലമാണ് കാലതാമസമെന്നാണ് വാപ്കോസ് കെ.എസ്.ഇ.ബിയെ അറിയിച്ചിട്ടുള്ളത്. കെ.എസ്.ഇ.ബി ഫുൾ ടൈം ഡയറക്ടർമാരുടെ യോഗമാണ് കരാർ കാലാവധി നീട്ടാൻ തീരുമാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |