SignIn
Kerala Kaumudi Online
Thursday, 10 September 2026 8.03 AM IST

ബംഗാൾ  ഉൾക്കടലിൽ  ന്യൂനമർദം; ചൂടിന് ആശ്വാസമായി മഴ എത്തുമോ? രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

rain
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മറ്റന്നാൾ (12/09/2026) പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ഇന്ന് വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. ഇതിനെത്തുടർന്ന് ഇന്ന് മുതൽ 13 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാദ്ധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷ കാലയളവിലെ മഴക്കുറവ് 25 ശതമാനമായി ഉയർന്നു. 1837.1 മി. മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1372.4 മി. മീ ആണ് ഇന്നലെവരെ ലഭിച്ചത്. ഇടുക്കിയിലും വയനാട്ടിലുമാണ് ഏറ്റവും കുറച്ച് മഴ ലഭിച്ചത്. വയനാട് 52 ശതമാനവും ഇടുക്കിയിൽ 46 ശതമാനവുമാണ് മഴക്കുറവ്.

പകൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. രാത്രിയിലെ താപനിലയും ഉയരുകയാണ്. രാത്രി 1.8 ഡിഗ്രിവരെ ചൂട് വർദ്ധിക്കുന്നു. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ 26 ഡിഗ്രിയും തിരുവനന്തപുരത്ത് 25 ഡിഗ്രിയുമായിരുന്നു ഇന്നലത്തെ കുറഞ്ഞ താപനില. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദ്ദമായി രൂപപ്പെടുമെന്നാണ് പ്രതീക്ഷ. മഴ പെയ്തില്ലെങ്കിലും ന്യൂനമർദ്ദ സ്വാധീനത്തിൽ രൂപപ്പെടാവുന്ന മേഘങ്ങൾ എത്തിയാലും ചൂട് കുറയും.

തെക്കുപടിഞ്ഞാറൻ കാലവർഷം സെപ്റ്റംബറിൽ അവസാനിക്കുന്നതിനു പിന്നാലെ തുലാവർഷവും പ്രതീക്ഷിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഒക്‌ടോബർ പകുതിയോടെ തുലാവർഷം എത്തിയേക്കും. എന്നാൽ എൽനിനോ സ്വാധീനത്തിൽ ഇത്തവണ തുലാവർഷത്തിലും പ്രതീക്ഷിക്കുന്നത്ര മഴ ലഭിക്കുമോയെന്ന ആശങ്കയുണ്ട്.

English Summary

The India Meteorological Department has forecast rain in Kerala over the next five days, with yellow alerts issued in several districts. Alappuzha and Ernakulam are under a yellow alert today, while more districts are expected to be covered by the alert over the following two days.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA RAIN ALERT, BAY OF BENGAL LOW PRESSURE, YELLOW ALERT KERALA, KERALA WEATHER UPDATE, HEAVY RAIN KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA