SignIn
Kerala Kaumudi Online
Friday, 11 September 2026 8.25 PM IST

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: അനുകുമാരി ജിഎസ്‌ടി സ്‌പെഷ്യൽ കമ്മീഷണറാകും, അഞ്ജു കെ എസ് തിരുവനന്തപുരം ജില്ലാ കളക്‌ടർ

READ ENGLISH VERSION
secretariat
ഗവൺമെന്റ് സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: മൂന്ന് ജില്ലകളിലെ കളക്‌ടർമാരടക്കം 36 ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ചില ഉദ്യോഗസ്ഥർക്ക് അധികചുമതലയും നൽകിയിട്ടുണ്ട്. തിരുവനന്തപുരം, വയനാട്. കാസർകോട് ജില്ലകളിലെ കളക്‌ടർമാരെ മാറ്റി. സുപ്രധാന വകുപ്പുകളിൽ ഡയറക്‌ടർമാർ, മിഷൻ തലവന്മാർ, പൊതുമേഖലാ സ്ഥാപനത്തിലെ എംഡിമാർ എന്നിവരടക്കമുള്ളവർക്കാണ് മാറ്റം. ഇതോടൊപ്പം അടുത്ത മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്തെ ഏകോപനം ശക്തമാക്കാൻ ശബരിമല എഡിഎം തസ്‌തിക ഐഎഎസ് കേഡറിലേക്ക് ഉയർത്തി എക്‌സ് കേഡർ തസ്‌തികയും സൃഷ്‌ടിച്ച് പൊതുഭരണവകുപ്പ് ഉത്തരവായി.

തിരുവനന്തപുരത്ത് കളക്‌ടറായി അഞ്ജു കെ എസിനെ നിയമിച്ച് ഉത്തരവായി. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്‌ടറായിരുന്ന അഞ്ജു 2017 ബാച്ച് ഉദ്യോഗസ്ഥയാണ്. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പുനഃരധിവാസ മോണിട്ടറിംഗ് കമ്മിറ്റി ചെയ‌ർപേഴ്സന്റെ ചുമതലയും ഇവർക്കാണ്. തിരുവനന്തപുരം കളക്‌ടറായിരുന്ന അനുകുമാരി സംസ്ഥാന ജിഎസ്‌ടി സ്‌പെഷ്യൽ കമ്മീഷണറായി.

വയനാട് ജില്ലാ കളക്‌ടറായി ചെൽസാസിനി വിയെ നിയമിച്ചു. കാസർകോട് കളക്‌ടറായി ശ്രീധന്യ സുരേഷ് നിയമിതയായി. നിലവിൽ ഫുഡ് സേഫ്‌റ്റി കമ്മീഷണറായിരുന്നു ഇവർ. അതേസമയം കാസർകോട് കളക്‌ടറായിരുന്ന അർജുൻ പാണ്ഡ്യൻ ഐഎഎസ് കാർഷിക വികസന- കർഷക ക്ഷേമവകുപ്പ് ഡയറക്‌ടറും സഹകരണസംഘം രജിസ്ട്രാറും ആയി നിയമിക്കപ്പെട്ടു.

ഡെപ്യൂട്ടി സെക്രട്ടറി റാങ്കുള്ള ശബരിമല എഡിഎമ്മായി ദിലീപ് കെ കൈനിക്കര നിയമിതനായി. ശബരിമലയിലും പമ്പയിലും നിലയ്‌ക്കലുമുള്ള മുഴുവൻ സർക്കാർ വകുപ്പുകളുടെയും സുരക്ഷാ ഏജൻസികളുടെയും പ്രവർത്തന ഏകോപനം അദ്ദേഹത്തിനാകും. കൃഷി ഡയറക്‌ടർ ശ്രീറാം വെങ്കിട്ടരാമൻ വനം-വന്യജീവി വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായും ഒഎസ്ഡിയായും നിയമിതനായി. ഇതോടൊപ്പം നൈപുണ്യ-കശുവണ്ടി വികസന വകുപ്പ് ജോയിന്റ് സെക്രട്ടറി. കേരള അക്കാദമി ഫോർ സ്‌കിൽഡ് എക്‌സലൻ മാനേജിംഗ് ഡയറക്‌ടർ എന്നീ പദവികളും അദ്ദേഹം തുടർന്നും വഹിക്കും.

ഡോ. രേണുരാജ് ഐഎഎസ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡി.സെക്രട്ടറി സ്ഥാനത്തോടൊപ്പം ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷൻ ഡയറക്‌ടർ, ഇ-ഹെൽത്ത് പ്രോജക്‌ട് ഡയറക്‌ടർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എംഡി എന്നീ ചുമതലകളും നൽകി. കെഎംഎസ്‌സിൽ, കെഎച്ച്ആർ‌ഡബ്ളുഎസ് ചുമതലകളിൽ നിന്നും ഒഴിവാക്കി. അരുൺ കെ വിജയനെ പൊതുവിദ്യാഭ്യാസ ഡയറക്‌ടറായും വിദ്യാഭ്യാസ പുനരുദ്ധാരണ മിഷൻ സിഇഒയായും നിയമിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്‌ടറായിരുന്ന സ്‌നേഹിൽ കുമാർ സിംഗ് വ്യവസായ വകുപ്പ് ഡയറക്ടർ, വ്യവസായ വാണിജ്യവകുപ്പ് ഡയറക്‌ടർ‌ സ്ഥാനങ്ങളിൽ നിയമിതനായി. കെഎ്ഐഡിസി, എസ്ഐടിഐഎൽ എംഡിയായും അദ്ദേഹത്തെ മാറ്റി നിയമിച്ചു.

സച്ചിൻ കുമാർ‌ ദേവ് ഐടി മിഷൻ ഡയറക്‌ടറായും കെ ഫോൺ മാനേജിംഗ് ഡയറക്‌ടറായും ടെക്‌നോപാർക്ക് സിഇഒയായും നിയമിതനായി.സന്ദീപ് കുമാർ ഐഎഎസിനെ ധനകാര്യ വകുപ്പിലേക്ക് മാറ്റി. ലാൻഡ് ബോർഡ് സെക്രട്ടറി സാബിൻ സമീദ് പിആർഡി ഡയറക്‌ടറും ഒബിസി ബോർഡ് എംഡിയുമായി. ഇൻബാ ശേഖർ ഐഎഎസ് ഭാഗ്യക്കുറി വകുപ്പ് ഡയറക്‌ടറായി.

English Summary

The Kerala government has transferred 36 IAS officers, including the collectors of three districts. The collectors of Thiruvananthapuram, Wayanad, and Kasaragod have been replaced.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IAS TRANSFER, ANUKUMARI, TRIVANDRUM COLLECTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA