
മൂന്ന് പതിറ്റാണ്ടിനു ശേഷം സി.പി.എം സംസ്ഥാന സമ്മേളനം കൊല്ലത്തേക്ക് എത്തുമ്പോൾ ജില്ലയാകെ ആവേശത്തിലാണ്. മണ്ണും മനവും ചുവപ്പിച്ചാണ് സമ്മേളനത്തെ വരവേൽക്കുന്നത്. 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ഈ സമ്മേളനം ഭാവികേരള രാഷ്ട്രീയത്തിന്റെ ദിശാസൂചികയായി മാറും.
1995ലാണ് അവസാനമായി കൊല്ലത്ത് സംസ്ഥാന സമ്മേളനം നടന്നത്. അന്ന് പ്രതിനിധി സമ്മേളനം ടൗൺഹാളിലും പൊതുസമ്മേളനം ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലുമായിരുന്നു. 1971ലും സംസ്ഥാന സമ്മേളനം കൊല്ലത്ത് നടന്നിരുന്നു. കളക്ടറേറ്റിന് സമീപത്തെ നെല്ലിമുക്കിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു അന്നത്തെ സമ്മേളനം. മുപ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സമ്മേളനം ഇവിടേക്ക് വീണ്ടുമെത്തുമ്പോൾ കൊല്ലം അടിമുടി മാറി. പാർട്ടിയുടെ കെട്ടുറപ്പ് വർദ്ധിച്ചു. നവീകരിക്കപ്പെട്ടു. കേരളത്തിൽ ഇടത് പ്രസ്ഥാനത്തിന്റെ അടിത്തറ കൂടുതൽ ശക്തവുമായി.
മുപ്പതാണ്ടിനിടയിലെത്തിയ ആറ് മന്ത്രിസഭകളിൽ നാലും ഇടത് മുന്നണിയുടേതാണ്. കേരളത്തിലാദ്യമായി ഒരു സർക്കാരിന് തുടർഭരണം നൽകാൻ ജനങ്ങൾ തയ്യാറായത് പൊതുസ്വീകാര്യതയാണ് വെളിവാക്കുന്നത്. കൊല്ലം ജില്ലയുടെ രൂപീകരണത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങൾക്കിടയിലാണ് പാർട്ടി സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ഇടത് പ്രസ്ഥാനങ്ങൾക്ക് വലിയ സ്വാധീനമുള്ള ജില്ലയാണിത്. ഉജ്ജ്വല സമരചരിത്രവഴികൾ ഓർമ്മിപ്പിച്ചും വർത്തമാനകാല യാഥാർത്ഥ്യങ്ങളിലൂടെ സഞ്ചരിച്ചും ഭാവി പ്രതീക്ഷകൾ പങ്കുവച്ചും മുന്നേറാൻ പോകുന്ന സമ്മേളനത്തെ ജില്ലയാകെ നെഞ്ചേറ്റിയിരിക്കുന്നു.
പാർട്ടിയെ സ്നേഹിക്കുന്ന എല്ലാ ആളുകളും പങ്കുചേരുന്ന വലിയ ജനകീയ മുന്നേറ്റത്തിനുള്ള അവസരംകൂടിയാണ് സമ്മേളനം. പാർട്ടി ഘടകങ്ങളും വർഗബഹുജന സംഘടനകളും ബഹുജനങ്ങളും ഈ സമ്മേളനത്തെ ഏറ്റെടുത്തു. കേരളത്തിലെ പാർട്ടിയുടെ മുന്നേറ്റത്തിനും കേരളീയ സമൂഹത്തിന്റെ വികസനത്തിനും തുടർഭരണത്തിലൂടെ മുന്നേറുന്ന സർക്കാർ അനുകൂല സാഹചര്യത്തെ ഉപയോഗപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾക്ക് സഹായകമാകുന്ന ചർച്ചകൾക്കും തീരുമാനങ്ങൾക്കും സമ്മേളനം വേദിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |