SignIn
Kerala Kaumudi Online
Friday, 23 October 2026 12.02 AM IST

കൊല്ലം കടലിലെ മണൽ ഖനനം കേരളത്തിന് ഗുണകരം: കേന്ദ്രം

a

#മത്സ്യസമ്പത്തിനെ ബാധിക്കില്ലെന്നും വാദം

ന്യൂഡൽഹി: കൊല്ലം തീരക്കടലിലെ നിർദ്ദിഷ്ട മണൽ ഖനനം കേരളത്തിന് ഗുണകരമാണെന്ന് കേന്ദ്രസർക്കാർ. മത്സ്യ സമ്പത്തിനെ ബാധിക്കില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ലോക്‌സഭയിൽ പറഞ്ഞു. കെ.സി. വേണുഗോപാൽ,എൻ.കെ.പ്രേമചന്ദ്രൻ എന്നിവരുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

കേരളത്തിലെ സർക്കാർ മണൽ ഇറക്കുമതി ആഗ്രഹിക്കുന്നുണ്ട്. മണൽ ക്ഷാമമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഖനനത്തിന് കണ്ടെത്തിയ ഭാഗത്ത് നിർമ്മാണ നിലവാരമുള്ള മണലാണ്. ഇതിന്റെ ഏറ്റവും വലിയ ഗുണം കേരളത്തിനായിരിക്കും.

12 കിലോമീറ്റർ വരുന്ന ഇക്കണോമിക് സോണിനും അപ്പുറം ആഴം കൂടിയ സ്ഥലത്താണ് ഖനനം. മത്സ്യബന്ധനം തീരപ്രദേശത്തിനടുത്താണ് നടക്കുന്നത്. ഒമ്പത് തീരദേശ സംസ്ഥാനങ്ങളുമായും മന്ത്രാലയങ്ങളുമായും കൂടിയാലോചിച്ചു. ലേല പ്രക്രിയ മാത്രമേ ആരംഭിച്ചിട്ടുള്ളൂ. നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് നീങ്ങുന്നത്. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി വിശദീകരിച്ചു.

ഖനനത്തിൽ ആശങ്ക:

കേരള എംപിമാർ

കേരളത്തിൽ ഖനനം അനുവദിക്കില്ലെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ടെൻഡർ നടപടികൾ നിറുത്തിവച്ച് സ്വതന്ത്ര, നിഷ്പക്ഷ പഠനം നടത്തണം. ഖനനം മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രനും ചൂണ്ടിക്കാട്ടി.

പാരിസ്ഥിതിക പഠനം നടത്താതെ ധാതുസമ്പുഷ്‌ടമായ മേഖലയിൽ ഖനനത്തിന് അനുമതി നൽകിയത് തെറ്റാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. തീരുമാനമെടുക്കും മുൻപ് മത്‌സ്യത്തൊഴിലാളികളുമായി കൂടിയാലോചന നടത്തുകയോ വിദഗ്‌ദ്ധ ഉപദേശം തേടുകയോ വേണമായിരുന്നു. ടെൻഡർ നടപടിക്ക് ശേഷം പരിസ്ഥിതി ആഘാതം വിലയിരുത്തുന്നതിൽ യുക്തിയില്ല.

മത്സ്യ പ്രജനനത്തെ ഗുരുതരമായി ബാധിക്കുമെന്ന് കൊച്ചിൻ ഫിഷറീസ് സർവകലാശാലയുടെ പഠന റിപ്പോർട്ടുണ്ട്. മത്സ്യത്തൊഴിലാളിക്ക് കടൽത്തീരത്ത് ചെറിയ കുടിൽ പണിയാൻ ചട്ടങ്ങൾ ചൂണ്ടിക്കാട്ടി തടസങ്ങൾ നിരത്തുമ്പോഴാണ് കടലിൽ ഖനനത്തിന് അനുമതി.

ഖനനത്തിനായി നിർദ്ദേശിക്കപ്പെട്ടത് തീരപ്രദേശത്ത് നിന്ന് 32-61 നോട്ടിക്കൽ മൈൽ അകലത്തിൽ ക്വയിലോൺ ബാങ്ക് എന്നറിയപ്പെടുന്ന മത്സ്യസമ്പത്തുള്ള മേഖലയാണെന്ന് പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. പരിസ്ഥിതി ആഘാത പഠനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA