
ന്യൂഡൽഹി:സെപ്റ്റംബറിൽ കേരളം ഇരുട്ടിലായത്, രാജ്യത്തെ വൈദ്യുതിക്ഷാമം മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയതിനാൽ. സംസ്ഥാനത്ത് റെക്കാഡിട്ട് 95.82 ദശലക്ഷം യൂണിറ്റ് വേണ്ടിവന്ന സെപ്തംബർ 16ന് ലഭ്യതയിൽ 900 മെഗാവാട്ടിലേറെ കുറവുണ്ടായി.
ദേശീയതലത്തിൽ സെപ്തംബറിലെ വൈദ്യുതികമ്മി 544 ദശലക്ഷം യൂണിറ്റായെന്നാണ് ഗ്രിഡ് കൺട്രോൾ ഒഫ് ഇന്ത്യയുടെ കണക്കുകൾ. ആഗസ്റ്റിൽ 98 ദശലക്ഷം യൂണിറ്റായിരുന്നു. ഒറ്റമാസം കൊണ്ട് കമ്മി അഞ്ച് മടങ്ങിലേറെയായി. സെപ്തംബർ 15ന് മാത്രം രാജ്യത്തെ പ്രതിദിന വൈദ്യുതികമ്മി 54 ദശലക്ഷം യൂണിറ്റിലെത്തി.
സെപ്തംബറിൽ രാജ്യത്തെ വൈദ്യുതി ഉപഭോഗം ഏകദേശം 11 ശതമാനം ഉയർന്നു. എൽനിനോയിൽ മഴ കുറഞ്ഞതോടെ ജലവൈദ്യുതി ഉത്പാദനം ഇടിഞ്ഞതും താപവൈദ്യുതനിലയങ്ങളിലെ കൽക്കരി ശേഖരം താണതും പ്രതിസന്ധിയായി. സെപ്‌തംബർ 30ന് 84 താപവൈദ്യുതനിലയങ്ങളിൽ കൽക്കരിശേഖരം ആവശ്യമായതിന്റെ 36 ശതമാനം മാത്രമാണുണ്ടായിരുന്നത്.
കേരളത്തിൽ സെപ്തംബർ 16ന് ജലവൈദ്യുതി, സൗരോർജം, കാറ്റാടി വൈദ്യുതി തുടങ്ങിയവ വഴി ലഭിച്ചത് 81 ദശലക്ഷം യൂണിറ്റ് മാത്രമാണ്. പുറത്തുനിന്ന് വാങ്ങാനായത് 3.5 ദശലക്ഷം യൂണിറ്റ് മാത്രവും. ദേശീയതലത്തിൽ ആവശ്യകത ഉയർന്നതിനാൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങൽ പ്രയാസമായി. ഇതാണ് സംസ്ഥാനത്തെ ലോഡ്ഷെഡിംഗിലെത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |