
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി കൂടുതൽ ദീർഘദൂര ബസുകൾ ഓടിക്കും. 21 മുതൽ 25 വരെയും 29 മുതൽ സെപ്തംബർ മൂന്ന് വരെയും പ്രതീക്ഷിക്കുന്ന തിരക്കിന്റെ അടിസ്ഥാനത്തിലാണിത്. യാത്രക്കാർക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സെപ്തംബർ രണ്ട് വരെ ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും തിരിച്ചും പ്രത്യേക അന്തർ സംസ്ഥാന സർവീസുകൾ ഇന്നലെ മുതൽ ആരംഭിച്ചു. .
തിരക്കനുസരിച്ച് ഈ റൂട്ടുകളിൽ കൂടുതൽ സർവീസുകൾ അനുവദിക്കും. ബഡ്ജറ്റ് ടൂറിസം സെൽ വഴി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രക്കാരുടെ താല്പര്യപ്രകാരം പ്രത്യേക ട്രിപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. തിരുവോണം ഒഴികെയുള്ള ദിവസങ്ങളിൽ പരമാവധി ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്യാനാണ് തീരുമാനം. അവധി ദിവസങ്ങളിൽ പ്രധാന റൂട്ടുകളിലെ സർവീസുകൾ പുനഃക്രമീകരിക്കുകയും അധിക സർവീസുകൾ ഏർപ്പെടുത്തുകയും ചെയ്യും.
ആലപ്പുഴയിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും പുതുതായി വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് സർവീസ് ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും തിരിച്ചുമുള്ള എക്സിക്യൂട്ടീവ് ക്ലാസ് സർവീസ് ഇന്നാരംഭിക്കും.ബസ് വിവരങ്ങൾ അറിയുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും 9447071021 എന്ന വാട്സാപ്പ് നമ്പറിൽ 'ഹായ്' എന്ന് സന്ദേശം അയക്കാം. എന്റെ കെ.എസ്.ആർ.ടി.സി നിയോ ഒ.പി.ആർ.എസ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും www.keralartc.com എന്ന വെബ്‌സൈറ്റിലൂടെയും കെ.എസ്.ആർ.ടി.സി റിസർവേഷൻ കൗണ്ടറുകൾ വഴിയും മുൻ കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |