തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ നിലവാരവും ഉയർത്തുന്നതിനായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റുമായി (ഐ.ഐ.എം) സർക്കാർ സഹകരിക്കുന്നു. ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനും മാനേജ്‌മെന്റ് വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനുമുള്ള ധാരണാപത്രത്തിന്റെ നടപടികൾ ആരംഭിച്ചു. ഗതാഗത മന്ത്രി സി.പി ജോണിന്റെയും ഐ.ഐ.എം ഡയറക്ടറുടെയും കെ.എസ്.ആർ.ടി.സി സി.എം.ഡിയുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. കെ.എസ്.ആർ.ടി.സി തയ്യാറാക്കിയ ധാരണാപത്രത്തിന്റെ കരട് ഐ.ഐ.എം ഡയറക്ടർക്ക് ഇതിനകം കൈമാറിയിട്ടുണ്ട്.
വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് മാനേജ്‌മെന്റ് പരിശീലനവും നേതൃത്വ വികസനവുമാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഐ.ടി, സാങ്കേതികം, അക്കൗണ്ട്സ് തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് പുറമെ യാത്രക്കാരുമായി നേരിട്ട് ഇടപെടുന്ന ഡ്രൈവർമാർ, കണ്ടക്ടർമാർ, സ്റ്റേഷൻ മാസ്റ്റർമാർ തുടങ്ങിയവർക്കും പ്രത്യേക പരിശീലനം നൽകും. ആശയവിനിമയം, മര്യാദ, സുരക്ഷാബോധം എന്നിവയ്ക്ക് പുറമെ സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവരോടുള്ള മെച്ചപ്പെട്ട സേവനവും പരിശീലനത്തിൽ ഉൾപ്പെടുത്തും. പരിശീലന ഫീസ്, പഠനസാമഗ്രികൾ, താമസ സൗകര്യം എന്നിവയുൾപ്പെടെയുള്ള വിശദമായ രൂപരേഖ ഐ.ഐ.എം സമർപ്പിച്ചിട്ടുണ്ട്.
യാത്രക്കാരുടെ അഭിപ്രായ സർവേകൾ, ഓൺലൈൻ സേവനങ്ങളുടെ വിപുലീകരണം, നിർമിത ബുദ്ധി, ഡാറ്റാ അനലിറ്റിക്സ് എന്നിവയുടെ സഹായത്തോടെയുള്ള സംവിധാനങ്ങളും ഇതിന്റെ ഭാഗമായി വികസിപ്പിക്കും. വിഴിഞ്ഞം തുറമുഖം, ദേശീയപാത വികസനം എന്നിവയിലൂടെയുണ്ടാകുന്ന പുതിയ ലോജിസ്റ്റിക്സ് സാധ്യതകൾ കെ.എസ്.ആർ.ടി.സിക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള പഠനങ്ങളും നടത്തും. ഐ.ഐ.എം വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സിയിൽ ഇന്റേൺഷിപ്പിനും അവസരമുണ്ടാകും.
കെ.എസ്.ആർ.ടി.സിയെ കാര്യക്ഷമമായ പൊതുഗതാഗത സംവിധാനമാക്കി മാറ്റുന്നതിനുള്ള പ്രധാന ചുവടുവെപ്പാണിതെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ബസുകളുടെ ആധുനികവൽക്കരണം, കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് പ്രവർത്തനങ്ങൾ, ഡിപ്പോ നവീകരണം തുടങ്ങിയ പദ്ധതികൾക്ക് ഈ സഹകരണം കരുത്തേകുമെന്ന് സി.എം.ഡിയും വ്യക്തമാക്കി.
KSRTC is collaborating with IIM Kozhikode to enhance operational efficiency and service quality. The partnership involves management training for officials, including drivers and conductors, focusing on communication and customer service. This initiative aims to modernize KSRTC, expand online services, and leverage new logistical opportunities, marking a significant step towards transforming it into an efficient public transport system.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |