SignIn
Kerala Kaumudi Online
Friday, 23 October 2026 8.30 PM IST

സാങ്കേതിക സർവകലാശാല: സിൻഡിക്കേറ്റിൽ വാഗ്വാദം, യോഗം പിരിച്ചുവിട്ട് വി.സി

p

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ സിൻഡിക്കേറ്റ് അംഗങ്ങൾ ബഹളമുണ്ടാക്കിയതിനെത്തുടർന്ന് വൈസ്ചാൻസലർ ഡോ.കെ.ശിവപ്രസാദ് യോഗം പിരിച്ചുവിട്ടു. വി.സി ഇറങ്ങിപ്പോയ ശേഷവും തുടർന്ന സിൻഡിക്കേറ്റംഗങ്ങളുടെ പ്രത്യേക യോഗത്തിൽ പങ്കെടുത്തതിന് രജിസ്ട്രാർ ഡോ.എ.പ്രവീണിന് വി.സി കാരണംകാണിക്കൽ നോട്ടീസ് നൽകി. വി.സിയായി ഡോ.കെ.ശിവപ്രസാദ് ചുമതലയേറ്റ ശേഷമുള്ള ആദ്യ സിൻഡിക്കേറ്റ് യോഗത്തിലാണ് ഒരുമണിക്കൂറോളം ബഹളമുണ്ടായത്.

സി.പി.എം പ്രതിനിധികളായ പി.കെ.ബിജു, സച്ചിൻദേവ് എം.എൽ.എ എന്നിവർ അജൻഡകൾ ചർച്ച ചെയ്യാൻ അനുവദിച്ചില്ലെന്നാണ് വിമർശനം. ഒറ്റ അജൻഡയും പരിഗണിക്കാതെയാണ് യോഗം പിരിഞ്ഞത്. പ്രത്യേകയോഗം അസാധുവാണെന്നും ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും വി.സി പ്രത്യേക ഉത്തരവിറക്കും. ചട്ടവിരുദ്ധമായി സിൻഡിക്കേറ്റ് യോഗം ചേർന്നതും രജിസ്ട്രാർ ആ യോഗത്തിൽ പങ്കെടുത്തതും സംബന്ധിച്ച വിശദമായ റിപ്പോർട്ട്‌ ഗവർണർക്ക് വി.സി കൈമാറി.

പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് പരമാവധി തുകയേക്കാൾ അധികം തുക പിൻവലിച്ചതിന് ഒരുവർഷത്തോളമായി സസ്പെൻഷനിലുള്ള സെക്ഷൻഓഫീസർ ആർ.പ്രവീണിനെതിരായ അന്വേഷണ റിപ്പോർട്ട് ആദ്യം പരിഗണിക്കണമെന്ന് സിൻഡിക്കേറ്രംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. അജൻഡയിലില്ലാത്ത ഇത് പരിഗണിക്കാനാവില്ലെന്നും റിപ്പോർട്ട് താൻ പഠിച്ചശേഷമേ പരിഗണിക്കാനാവൂ എന്നും വി.സി നിലപാടെടുത്തു. ഇതോടെ സിൻഡിക്കേറ്രിൽ ബഹളവും വാഗ്വാദവുമായി. ബഹളം കനത്തതോടെ വി.സി യോഗം പിരിച്ചുവിട്ടു. പിന്നാലെ സിൻഡിക്കേറ്രംഗങ്ങൾ വേറെ യോഗം ചേരുകയായിരുന്നു. സിൻഡിക്കേറ്റിന്റെ സെക്രട്ടറി കൂടിയായ രജിസ്ട്രാർ ഈ യോഗത്തിൽ പങ്കെടുത്തതിനാണ് വി.സി കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.

അതേസമയം, ഒരു സിൻഡിക്കേറ്റംഗത്തെ അദ്ധ്യക്ഷനാക്കി യോഗം തുടരുകയാണ് ചെയ്തതെന്ന് സിൻഡിക്കേറ്റംഗങ്ങൾ അറിയിച്ചു. ഉദ്യോഗസ്ഥരെ സിൻഡിക്കേറ്റിൽ നിന്ന് തടയാൻ വി.സിക്ക് കഴിയില്ല. യോഗം നിറുത്തിവച്ചെന്ന വി.സിയുടെ പ്രസ്താവന വസ്തുതകൾ മനസിലാക്കാതെയാണ്- സിൻഡിക്കേറ്റംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. മുൻ വി.സി ഡോ.സിസാതോമസുമായും സിൻഡിക്കേറ്റംഗങ്ങൾ കടുത്ത പോരിലായിരുന്നു. വി.സിയെ നിരീക്ഷിക്കാൻ ഉപസമിതിയെ നിയോഗിക്കുക പോലുമുണ്ടായി.

വി.സിക്കെതിരേ സിൻഡിക്കേറ്റ്

പ്രധാന അക്കാഡമിക് വിഷയങ്ങൾ ചർച്ചചെയ്യേണ്ട യോഗത്തിൽ അജൻഡകൾ പരിഗണിക്കാതെ നിസാരകാരണങ്ങൾ പറഞ്ഞ് വി.സി വിട്ടുനിന്നത് തരംതാണ രാഷ്ട്രീയക്കളിയാണ്.

മുൻ ഗവർണർ നിയമിച്ച വി.സി, ചുമതലയേറ്റ് മാസങ്ങളായിട്ടും സർവകലാശാല ഭരണസമിതിയോഗങ്ങൾ കൃത്യമായി വിളിച്ചു ചേർത്തിരുന്നില്ല. സിൻഡിക്കേറ്റ് വിളിച്ചത് മാസങ്ങൾക്കുശേഷം.

പണംതട്ടിപ്പിൽ സീനിയർ ഗവ.പ്ലീഡറുടെ അഡ്വക്കേറ്റ് കമ്മിഷന്റെ റിപ്പോർട്ട് സിൻഡിക്കേറ്റ് പരിഗണിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം അവഗണിക്കാനാണ് വി.സി ശ്രമിച്ചത്. എം.എൽ.എയുടെയടക്കം അഭിപ്രായം പരിഗണിക്കാതെ ഇറങ്ങിപ്പോയി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KTU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA