SignIn
Kerala Kaumudi Online
Sunday, 25 October 2026 2.18 AM IST

കേരള യൂണി. അസിസ്റ്റന്റ് നിയമന തട്ടിപ്പ് ; ഒത്താശ ചെയ്ത ഉന്നതർ കുടുങ്ങും

READ ENGLISH VERSION
a

 പ്രോസിക്യൂഷൻ അനുമതി തേടാൻ ക്രൈംബ്രഞ്ച് -

തിരുവനന്തപുരം: 2008ലെ കേരള സർവകലാശാല അസിസ്റ്റന്റ് നിയമനത്തട്ടിപ്പ് മൂടിവയ്ക്കാൻ ഉന്നതരടക്കം തെളിവു നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാത്ത അംഗങ്ങളുടെ പേരിൽ മാർക്കിട്ട് വേണ്ടപ്പെട്ടവരെ നിയമിച്ചു. വൻ ഗൂഢാലോചനയാണുണ്ടായത്.

പരീക്ഷ ബോർഡ് പോലും രൂപീകരിക്കാതെ നടത്തിയ തട്ടിപ്പിൽ മുൻ വി.സിയും പ്രൊ വിസിയും അഞ്ച് സിൻഡിക്കേറ്റ് അംഗങ്ങളുമടക്കം 7 പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ ക്രൈംബ്രാഞ്ച് സർക്കാരിന്റെ അനുമതി തേടും.

സർക്കാർ അനുമതി നൽകിയാൽ കോടതിയിൽ കുറ്റപത്രം നൽകും. കഴി‍ഞ്ഞ സർക്കാർ കേസ് എഴുതിത്തള്ളിയെങ്കിലും കോടതി അംഗീകരിച്ചില്ല. തുടരന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയത്.

പരീക്ഷയുടെ ഒ.എം.ആർ ഉത്തരക്കടലാസുകൾ നശിപ്പിച്ചശേഷം അഭിമുഖം നടത്തുകയായിരുന്നു. സി.പി.എം അനുഭാവികളെയും ഉന്നതോദ്യോഗസ്ഥരുടെ ബന്ധുക്കളെയും റാങ്ക് പട്ടികയിൽ മുന്നിലെത്തിച്ച് നിയമനം നൽകിയെന്നാണ് കേസ്.

മുൻ വി.സി. ഡോ. എം.കെ. രാമചന്ദ്രൻ നായർ, മുൻ പി.വി.സി. ഡോ. വി. ജയപ്രകാശ്, മുൻ രജിസ്ട്രാർ കെ.എ. ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായിരുന്ന എ.എ. റഷീദ്, ബി.എസ്. രാജീവ്, കെ.എ. ആൻഡ്രൂ, എം.പി. റസ്സൽ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി തേടുക. സി.പി.എം നേതാവായിരുന്ന ബി.എസ്. രാജീവ് മരിച്ചതിനാൽ ഒഴിവാക്കും.

33,933 പേരാണ് പരീക്ഷ എഴുതിയത്. 100 മാർക്കിനായിരുന്നു എഴുത്തു പരീക്ഷ. പരീക്ഷ കഴിഞ്ഞപ്പോൾ വേണ്ടപ്പെട്ട പലരും പട്ടികയിൽ ഉൾപ്പെടില്ലെന്ന് ഉറപ്പായി. അതോടെ എഴുത്തുപരീക്ഷയുടെ മാർക്ക് 75ലേക്ക് ക്രമീകരിച്ചു. അഭിമുഖത്തിന് 25 മാർക്കും ഏർപ്പെടുത്തി. എഴുത്തുപരീക്ഷയിലെ മുൻനിരക്കാർക്ക് അഭിമുഖത്തിന് രണ്ടും നാലും മാർക്ക് മാത്രം നൽകി. പിന്നിൽ നിന്നവർക്ക് 20നുമേൽ മാർക്കും. അങ്ങനെ അവരൊക്കെ റാങ്ക് പട്ടികയിൽ മുന്നിലെത്തി. പിന്നീട് ഉത്തരക്കടലാസ് നശിപ്പിച്ചു. അഭിമുഖ പരീക്ഷ മാ‍ർക്ക് 15 ശതമാനത്തിൽ കൂടാൻ പാടില്ലെന്നാണ് ചട്ടം.

പി.വി.സിയുടെ ലാപ്പിൽ

ടാബുലേഷൻ

ഉദ്യോഗാർത്ഥികളെ തിരിച്ചറിയാൻ കഴിയുന്ന ഉത്തരക്കടലാസിലെ ഭാഗം ഉൾപ്പെടെയാണ് ഹൈദരാബാദിലേക്ക് മൂല്യനിർണയത്തിന് അയച്ചത്. ഫലം സി.ഡിയിലാക്കി പി.വി.സി ജയപ്രകാശിന് നൽകി. ജയപ്രകാശിന്റെ ലാപ് ടോപ്പിലിട്ടാണ് ടാബുലേഷൻ നടത്തിയത്. ഉത്തരക്കടലാസും ലാപ് ടോപ്പും പിന്നീട് നശിപ്പിച്ചു. 38 പേർക്ക് താത്കാലിക നിയമനം ലഭിച്ചത് അട്ടിമറിയിലൂടെയാണ്. 1401 പേരുടെ റാങ്ക് പട്ടികയിൽ നിന്ന് 181പേർക്ക് നിയമനം നൽകി. കേസായതോടെ ചിലർ ജോലിവിട്ടു. ചിലർ വിരമിച്ചു. നിലവിൽ 130 പേരാണ് സർവീസിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA