
കൊച്ചി: പാചകവാതക വിതരണ ഏജൻസികൾക്ക് ഉപഭോക്താക്കളുടെമേൽ നിയമപരമായ അവകാശമില്ലെന്നും അവരെ മറ്റൊരു ഏജൻസിയിലേക്ക് മാറ്റാൻ എണ്ണക്കമ്പനികൾക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി. ഗ്യാസ് സിലിണ്ടറുകൾ വാങ്ങുന്നവർ എണ്ണക്കമ്പനികളുടെ ഉപഭോക്താക്കളാണെന്നും കോടതി പറഞ്ഞു. ഓൾ ഇന്ത്യ എൽ.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ഏതാനും വിതരണക്കാരും നൽകിയ ഹർജികൾ തള്ളിയാണ് ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീമിന്റെ ഉത്തരവ്.
ഒരു ഏജൻസിക്ക് കീഴിലുള്ള സിലിണ്ടർ റീഫില്ലിംഗിന് പരിധി നിശ്ചയിക്കുന്നതും അധികമുള്ള ഉപഭോക്താക്കളെ പുതിയ ഏജൻസികളിലേക്ക് മാറ്റുന്നതുമാണ് കമ്പനികളുടെ പുതിയ നയം. തങ്ങളുടെ ഉപഭോക്താക്കളെ മാറ്റുന്നത് ബിസിനസിനെ ബാധിക്കുമെന്നും ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു വിതരണക്കാരുടെ വാദം.
എൽ.പി.ജി അവശ്യസാധനമാണെന്നും ലാഭത്തേക്കാൾ ഉപഭോക്താക്കളുടെ താത്പര്യത്തിനാണ് മുൻഗണന നൽകേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഉപഭോക്താക്കൾക്ക് കൃത്യമായി സിലിണ്ടറുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കമ്പനികൾക്ക് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാമെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |