SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.41 AM IST

പുതിയ മന്ത്രിസഭ : ഈഴവ പ്രാതിനിദ്ധ്യം വെട്ടിനിരത്താൻ നീക്കം

congress

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ ഈഴവ സമുദായ പ്രതിനിദ്ധ്യം രണ്ടായി ചുരുക്കാൻ ആസൂത്രിത നീക്കം. 9 ഈഴവ എം.എൽ.എമാരുള്ളപ്പോഴാണിത്.

ചില മത, സമുദായ ശക്തികളും, സഭകളും ബന്ധപ്പെട്ട സമുദായങ്ങൾക്കും അവാന്തര വിഭാഗങ്ങൾക്കും മന്ത്രിസ്ഥാനം ഉറപ്പാക്കാൻ കൊണ്ടുപിടിച്ച നീക്കങ്ങളിലാണ്. അവരുടെ സമ്മർദ്ദങ്ങൾക്കും ഭീഷണിക്കും വഴങ്ങി സംസ്ഥാന ജനസംഖ്യയിൽ മുൻപന്തിയിലുള്ള, 27% വരുന്ന സമുദായത്തെ ഒതുക്കാനാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ ശ്രമം. ഇതു സംഭവിച്ചാൽ സർക്കാരിനെതിരെ ഈഴവ സമുദായത്തിന്റെ കടുത്ത അതൃപ്തി ഉറപ്പ്.

2011ൽ നടന്ന സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 3.31 കോടിയാണ്. 15

വർഷം പിന്നിട്ടപ്പോൾ ജനസംഖ്യ മൂന്നരക്കോടി കവിഞ്ഞതായാണ് അനുമാനം. അതിൽ ഈഴവ ജനസംഖ്യ ഏകദേശം ഒരു കോടി വരും. ജനസംഖ്യാനുപാതികമായി ഈഴവ സമുദായത്തിന് കുറഞ്ഞത് 35 സീറ്റിനും ആറ് മന്ത്രിസ്ഥാനത്തിനും അർഹതയുണ്ട്. 4 മുതൽ 9 മന്ത്രിമാർ വരെ വിവിധ എൽ.ഡി.എഫ്, യു.ഡി.എഫ് മന്ത്രിസഭകളിലുണ്ടായിരുന്നതാണ് ചരിത്രം.

ഇത്തവണ കോൺഗ്രസിലെ ഈഴവ സ്ഥാനാർത്ഥികളുടെ എണ്ണം 17 ആയിരുന്നു. 9 പേരാണ് വിജയിച്ചത്. ബിന്ദു കൃഷ്ണ, എം.ലിജു, ദീപക് ജോയി, സേനാപതി വേണു, നാട്ടകം സുരേഷ്, ഒ.ജെ.ജനീഷ്, സുമേഷ് അച്യുതൻ, കെ.ജയന്ത്, വിദ്യാബാലകൃഷ്ണൻ എന്നിവരാണ് വിജയിച്ചത്. ഇതിൽ ബിന്ദു കൃഷ്ണ, എം.ലിജു, ദീപക് ജോയ്, സുമേഷ് അച്യുതൻ, നാട്ടകം സുരേഷ്, ജയന്ത് തുടങ്ങിയവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് ആദ്യഘട്ടത്തിൽ കേട്ടിരുന്നത്. അതാണ് രണ്ടായി ചുരുക്കാൻ കോൺഗ്രസ് നേതൃത്വവും ശ്രമിക്കുന്നത്.

2011ൽ രണ്ട് മന്ത്രിമാർ മാത്രം

1991 മുതൽ 2021 വരെയുള്ള 30 വർഷത്തിനിടെ മാറിമാറി ഭരിച്ച യു.ഡി.എഫ്, എൽ.‌ഡി.എഫ് സർക്കാരുകളിൽ 2011ൽ മാതമാണ് ഈഴവ മന്ത്രിമാർ രണ്ടായി കുറഞ്ഞത്. പിന്നാക്കക്കാരെ വെട്ടിനിരത്തുന്നത് ശക്തമായതോടെ, അന്ന് നിയമസഭയിൽ ഈഴവ എം.എൽ.എമാരുടെ എണ്ണം മൂന്നായി ചുരുങ്ങി. സീറ്റുകൾ വെട്ടിക്കുറച്ചതിന് പുറമെ, വിജയ സാദ്ധ്യതയുള്ള സീറ്റുകൾ നൽകാതിരുന്നതും കാരണമായി. മൂന്നു പേരെയും മന്ത്രിമാരാക്കാൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സന്നദ്ധനായിരുന്നെങ്കിലും കെ.അച്യുതൻ മന്ത്രിയാകാൻ വിസമ്മതിച്ചു. അടൂർ പ്രകാശ്, കെ.ബാബു എന്നിവർ മന്ത്രിമാരായി. 2016ലും 2021ലും കോൺഗ്രസിലെ വെട്ടിനിരത്തൽ പാരമ്യത്തിലെത്തി. യഥാക്രമം 13ഉം,14ഉം സീറ്റാണ് സമുദായത്തിന് നൽകിയത്. തുട‌ർച്ചയായി രണ്ടു തവണയും പ്രതിപക്ഷത്തായ യു.ഡി.എഫിൽ ഈഴവ എം.എൽ.എ ഒന്നായി ചുരുങ്ങിയിരുന്നു.

1991 മുതൽ ഈഴവ മന്ത്രിമാരുടെ എണ്ണം

1991:കെ.കരുണാകരൻ മന്ത്രിസഭ.......4

1995:എ.കെ.ആന്റണി മന്ത്രിസഭ........... 5

1996:ഇ.കെ.നായനാർ മന്ത്രിസഭ..........4

2001:എ.കെ.ആന്റണി മന്ത്രിസഭ............5

2004: ഉമ്മൻചാണ്ടി മന്ത്രിസഭ.................6

2006: വി.എസ് മന്ത്രിസഭ.........................6

 2011:ഉമ്മൻചാണ്ടി മന്ത്രിസഭ.................2

2016:ഒന്നാം പിണറായി മന്ത്രിസഭ.........9

2021:രണ്ടാം പിണറായി മന്ത്രിസഭ.........5

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MINISTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA