
തിരുവനന്തപുരം: നടൻ മധുവും സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയും പൊലീസിന്റെ ലഹരിവേട്ടയായ ‘ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോട്ടിക് ഹണ്ടി’ന്റെ പ്രചാരകരായ ‘തൂഫാൻ വോറിയേഴ്സായി’. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇരുവരുടെയും വീടുകളിൽ നേരിട്ടെത്തി ബാഡ്ജ് നൽകി.
സമൂഹം ബഹുമാനിക്കുന്ന വ്യക്തിത്വങ്ങളെ കർമ്മപദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ ലഹരിവിരുദ്ധ സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കാനാകുമെന്ന് ചെന്നിത്തല പറഞ്ഞു. യുവതലമുറയെ ബാധിക്കുന്ന ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വേദനിച്ചിരുന്ന തനിക്ക് ഇപ്പോഴാണ് അതിനെതിരെ നിലപാട് സ്വീകരിക്കാൻ അവസരം ലഭിച്ചതെന്ന് മധു പറഞ്ഞു. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ശ്രീകുമാരൻ തമ്പിയും വ്യക്തമാക്കി. മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, സിറ്റി പൊലീസ് കമ്മിഷണർ ഡോ. അരുൾ ബി. കൃഷ്ണ , റൂറൽ എസ്.പി. പ്രശാന്തൻ കാണി എന്നിവരുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |